ഭാരത് ജോഡോ യാത്ര സമാപനം ജനുവരി 30ന്; സമാപനത്തില്‍ പങ്കെടുക്കുമെന്ന് സിപിഐ
ന്യൂഡല്‍ഹി: കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ സിപിഐ പങ്കുചേരും. പാർട്ടി ജനറൽ സെക്രട്ടറി ഡി.രാജ, ബിനോയ് വിശ്വം എം.പി എന്നിവർ സമാപന സമ്മേളനത്തിൽ പങ്കെടുക്കും. എഐസിസി പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെയുടെ ക്ഷണക്കത്തിന് നൽകിയ മറുപടിയിലാണ് സിപിഐ പങ്കെടുക്കുമെന്ന് അറിയിച്ചത്. മെച്ചപ്പെട്ട ഇന്ത്യ ഒരുമിച്ച് സാധ്യമാക്കാമെന്നാണ് സി.പി.ഐയുടെ വിശ്വാസം. യാത്രയുടെ സമാപന സമ്മേളനത്തിൽ കൂടുതൽ പ്രതിപക്ഷ പാർട്ടികൾ പങ്കെടുക്കുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. സി.പി.എം, ഡി.എം.കെ, ജെ.ഡി.യു എന്നീ പ്രതിപക്ഷ പാർട്ടികളും പങ്കെടുക്കാൻ സാധ്യതയുണ്ട്. സി.പി.ഐ മാത്രമാണ് ക്ഷണം സ്വീകരിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഭാരത് ജോഡോ യാത്ര ജനുവരി 30ന് ജമ്മു കശ്മീരിലെ ശ്രീനഗറിൽ സമാപിക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ 23 പ്രതിപക്ഷ പാർട്ടികളെ ക്ഷണിച്ചിട്ടുണ്ട്. സമാപന സമ്മേളനം രാജ്യത്തെ പ്രതിപക്ഷത്തിന്‍റെ ശക്തി തെളിയിക്കും. ആം ആദ്മി പാർട്ടിയുടെയും ഭാരത് രാഷ്ട്രീയ സമിതിയുടെയും സാന്നിധ്യം കോൺഗ്രസ് തേടിയിട്ടുണ്ട്.