ഭാരത് ജോഡോ യാത്ര കേരളത്തിലെത്തി; വൻ സ്വീകരണം
പാറശ്ശാല: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര രാവിലെ ഏഴ് മണിയോടെ പാറശ്ശാലയിലെത്തി. കേരള വേഷം ധരിച്ച വനിതകളും പഞ്ചവാദ്യവും യാത്രയെ സ്വാഗതം ചെയ്തു. കെ പി സി സി, ഡി സി സി ഭാരവാഹികളും എം പി മാരും എം എൽ എമാരും രാഹുലിനെ കേരളത്തിലേക്ക് സ്വാഗതം ചെയ്തു. മണ്ഡലത്തിലെ നേതാക്കളും പ്രവർത്തകരും യാത്രയെ അനുഗമിക്കുന്നുണ്ട്. യാത്രയുടെ ആദ്യ ഘട്ടം ഊരുട്ടുകാല മാധവി മന്ദിരം വരെയാണ്. മഹാത്മാഗാന്ധിയുടെ സുഹൃത്തായ ഡോ. ജി രാമചന്ദ്രന്‍റെ വീടാണ് മാധവി മന്ദിർ. 1932-ൽ കന്യാകുമാരിയിലേക്കുള്ള യാത്രാമധ്യേ ഗാന്ധിജി ഈ വീട് സന്ദർശിച്ചിരുന്നു. അവിടെയുള്ള ഗാന്ധി മ്യൂസിയവും രാഹുൽ സന്ദർശിക്കും. പ്രമുഖ ഗാന്ധിയൻമാരായ ഗോപിനാഥൻ നായരും കെ ഇ മാമ്മനും തങ്ങളുടെ അവസാന നാളുകൾ ചെലവഴിച്ച നിംസ് ആശുപത്രി വളപ്പിൽ രാഹുൽ ഗാന്ധി സ്‌തൂപം അനാച്ഛാദനം ചെയ്യും.