ഭാരത് ജോഡോ യാത്ര; കശ്മീരിൽ പ്രവേശിക്കാനിരിക്കെ രാഹുൽ ഗാന്ധിക്ക് സുരക്ഷാ മുന്നറിയിപ്പ്
ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിലേക്ക് പ്രവേശിക്കാനിരിക്കെ രാഹുൽ ഗാന്ധിക്ക് മുന്നറിയിപ്പ് നൽകി സുരക്ഷാ ഏജൻസികൾ. കശ്മീരിലെ ചില സ്ഥലങ്ങളിൽ നടക്കരുതെന്ന് ഏജൻസികൾ രാഹുൽ ഗാന്ധിക്ക് നിർദ്ദേശം നൽകിയതായാണ് റിപ്പോർട്ടുകൾ. ഭീകരാക്രമണ സാധ്യതയുള്ള പ്രദേശങ്ങളിലേക്ക് കാറിൽ യാത്ര ചെയ്യാനാണ് നിർദ്ദേശം. രാഹുലിന് സുരക്ഷയൊരുക്കാൻ വിശദമായ പദ്ധതി ഒരുക്കിയിട്ടുണ്ട്. സംക്ഷിപ്തമായ സുരക്ഷാ അവലോകനം നടത്തിവരുകയാണ്. രാത്രി താമസിക്കേണ്ട സ്ഥലങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളില്‍ പരിശോധന നടത്തുന്നുണ്ടെന്നും മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഭാരത് ജോഡോ യാത്ര വ്യാഴാഴ്ച കശ്മീരിലേക്ക് പ്രവേശിക്കും. ജനുവരി 25ന് ബനിഹാലിൽ രാഹുൽ ഗാന്ധി പതാക ഉയർത്തും. ജനുവരി 27ന് അനന്ത്നാഗ് വഴി യാത്ര ശ്രീനഗറിലെത്തും. ഭാരത് ജോഡോ യാത്ര ജനുവരി 30ന് ശ്രീനഗറിൽ വലിയ റാലിയോടെ സമാപിക്കും.