ഭാരത് ജോഡോ യാത്രയുടെ എറണാകുളം ജില്ലയിലെ പര്യടനം നാളെ മുതൽ
കൊച്ചി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നാളെ എറണാകുളത്ത് പര്യടനം ആരംഭിക്കും. പദയാത്ര 22-ന് ഉച്ചയോടെ തൃശ്ശൂർ ജില്ലയിൽ പ്രവേശിക്കും. ആലപ്പുഴ ജില്ലാ അതിർത്തിയായ അരൂരിൽ എത്തുന്ന പദയാത്രികരെ ഇന്ന് വൈകിട്ട് ഏഴിന് ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾ സ്വീകരിക്കും. പനങ്ങാട് ഫിഷറീസ് കോളേജ് ഗ്രൗണ്ടിലാണ് രാത്രി തങ്ങുന്നത്. കുമ്പളം ടോൾ പ്ലാസയിൽ നിന്ന് ബുധനാഴ്ച രാവിലെ 6.30 ന് ജില്ലയിലെ പര്യടനം ആരംഭിക്കും. സ്വീകരണ ഗാനത്തോടെയാണു ജില്ലയിലേക്കു രാഹുൽ ഗാന്ധിക്കു സ്വാഗതമോതുന്നത്. തൃപ്പൂണിത്തുറ നിയോജകമണ്ഡലത്തിലെ പ്രവർത്തകർ, ഓരോ നിയോജകമണ്ഡലത്തിൽ നിന്നും 10 സ്ഥിരം പദയാത്രകർ, പോഷകസംഘടനകളുടെ നേതാക്കൾ എന്നിവരും പദയാത്രയിൽ പങ്കെടുക്കും. ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച് പദയാത്ര കടന്നുപോകുന്ന വഴിയിൽ സ്റ്റാളുകളിൽ കുടിവെള്ളവും ലഘുഭക്ഷണവും ഒരുക്കിയിട്ടുണ്ടെന്ന് ഡി സി സി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ്, ജാഥ ജില്ലാ കോ-ഓർഡിനേറ്റർ കെ പി ധനപാലൻ എന്നിവർ പറഞ്ഞു. പദയാത്ര കടന്നുവരുന്ന വഴിയിൽ വിവിധ വേദികളിൽ നാടൻപാട്ട്, തെയ്യം, കഥകളി, മുടിയേറ്റ്, ചവിട്ടുനാടകം എന്നിവ അവതരിപ്പിക്കും. രാവിലെ 10.30ന് ഇടപ്പള്ളി സെന്റ് ജോർജ് പള്ളി പാരിഷ് ഹാളിൽ പദയാത്രികർ വിശ്രമിക്കും. പദയാത്രികർക്കായി വിശ്രമ കേന്ദ്രത്തിൽ സംഗീത വിരുന്നും ഒരുക്കിയിട്ടുണ്ട്.