ഭോപ്പാലിൻ്റെ പേര് ഭോജ്‌പാൽ എന്നാക്കണം; തലസ്ഥാനത്തിൻ്റെ പേര് മാറ്റണമെന്ന ആവശ്യമുയർത്തി മധ്യപ്രദേശ് മന്ത്രി
തലസ്ഥാനമായ ഭോപ്പാലിൻ്റെ പേര് ഭോജ്പാൽ എന്ന് പുനർനാമകരണം ചെയ്യണം എന്ന ആവശ്യമുയർത്തി മധ്യപ്രദേശ് മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ്. പതിനൊന്നാം നൂറ്റാണ്ടിലെ ഭരണാധികാരിയായിരുന്ന രാജാ ഭോജിന്റെ ബഹുമാനാർത്ഥം ഭോപ്പാലിനെ ഭോജ്‌പാൽ എന്ന് പുനർനാമകരണം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഹോഷങ്കാബാദ് ജില്ലയുടെ പേര് നർമദാപുരം എന്ന് പുനർനാമകരണം ചെയ്യാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് സംസാരിക്കവേയാണ് തലസ്ഥാന ജില്ലയുടെ പേര് മാറ്റണമെന്ന ആവശ്യം അദ്ദേഹം ഉന്നയിച്ചത്.
ഹോഷങ്കാബാദിനെ നർമദാപുരം എന്ന് പുനർനാമകരണം ചെയ്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും മുഖ്യമന്ത്രി ശിവ് രാജ് സിങ്ങ് ചൗഹാനോടും സാരംഗ് നന്ദി രേഖപ്പെടുത്തി. അതേ ജില്ലയിലെ ബാബായി പട്ടണത്തെ പ്രശസ്ത ഹിന്ദി കവിയും പത്രപ്രവർത്തകനുമായ മഖൻലാൽ ചതുർവേദിയുടെ സ്മരണാർത്ഥം മഖൻ നഗർ എന്ന് പുനർനാമകരണം ചെയ്തിട്ടുണ്ട്.