മധുരമുള്ള ആയിരക്കണക്കിന് ചലച്ചിത്രഗാനങ്ങൾ സമ്മാനിച്ച്‌ ബിച്ചു തിരുമല വിടവാങ്ങി

തിരുവനന്തപുരം: പ്രശസ്ത കവിയും ഗാനരചയിതാവുമായ ബിച്ചു തിരുമല അന്തരിച്ചു. 79 വയസായിരുന്നു. അസുഖത്തെത്തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെൻഡിലേറ്ററിലായിരുന്നു. ഇന്നു പുലർച്ചെ ആയിരുന്നു അന്ത്യം. ശവദാഹം പിന്നീട്. ഗാന രചനയ്ക്കുള്ള സംസ്ഥാന പുരസ്കാരം രണ്ടു തവണയും നിരവധി പുരസ്കാരങ്ങൾ വേറെയും ലഭിച്ചിട്ടുണ്ട്.

തിരുവനന്തപുരം ശാസ്തമംഗലം പട്ടാണിക്കുന്ന് സി ജി ഭാസ്കരൻ നായരുടെയും പാർവതിയമ്മയുടെയും മൂത്ത മകൻ ബി ശിവശങ്കരൻ നായരാണ് ബിച്ചു തിരുമല എന്നറിയപ്പെടുന്നത്. ചേർത്തലയിലെ അച്ഛൻ തറവാടായ അയ്യനാട്ടിൽ 1942 ഓഗസ്റ്റ് 13നാണ് ജനനം. മുത്തച്ഛൻ വിദ്വാൻ ​ഗോപാല പിള്ളയാണ് ബിച്ചു എന്ന ചെല്ലപ്പേരിട്ടു വിളിച്ചത്. തിരുവനന്തപുരത്തേക്കു താമസം മാറിയപ്പോൾ മുഴുവൻ പേര് ബിച്ചു തിരുമല എന്നാക്കി മാറ്റി.

നീണ്ട അൻപതു വർഷങ്ങൾ മലയാള ചലച്ചിത്ര ഗാനശാഖയിൽ ബിച്ചു തിരുമല എന്ന രചയിതാവി നിറഞ്ഞു നിന്നത് അത്രയേറെക്കാലം. വയലാർ, ഒഎൻവി, ശ്രീകുമാരൻ തമ്പി, പി. ഭാസ്കരൻ തുടങ്ങി പഴയ തലമുറ മുതൽ ഗിരീഷ് പുത്തഞ്ചേരി, കൈതപ്രം ദാമോദർ നമ്പൂതിരിതുടങ്ങി നവ മലയാളത്തിലെ ലബ്ധപ്രതിഷ്ഠർക്കിടയിലേക്ക് സ്വയം വലിയൊരു ഇരിപ്പിടം വലിച്ചിട്ടിരുന്ന പ്രതിഭ. ഇരുനൂറിൽപ്പരം ചിത്രങ്ങളിലായി അയ്യായിരത്തോളം അന‌ശ്വര ഗാനങ്ങളാണ് അദ്ദേഹം മലയാളികൾക്കു സമ്മാനിച്ചത്. നൂറുകണക്കിനു ഭക്തിഗാനങ്ങളും കുറിച്ചു.

Related Posts