ബൂസ്റ്റർ ഡോസെടുത്ത് ബൈഡൻ
അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ കൊവിഡ് വൈറസിനെതിരെയുള്ള വാക്സിൻ്റെ ബൂസ്റ്റർ ഡോസ് എടുത്തു. വാക്സിൻ എടുക്കാൻ വിമുഖത കാണിക്കുന്നവർ അമേരിക്കയിൽ ഇപ്പോഴുമുണ്ടെന്നും അവർ രാജ്യത്തിന് അപകടം വരുത്തിവെയ്ക്കുകയാണെന്നും പ്രസിഡൻ്റ് കുറ്റപ്പെടുത്തി.
ഫൈസർ വാക്സിൻ്റെ മൂന്നാം ഡോസാണ് ബൈഡൻ എടുത്തത്. അടുത്തിടെ അംഗീകരിച്ച ആരോഗ്യ മാർഗനിർദേശങ്ങൾ പ്രകാരമാണ് മൂന്നാം ഡോസ്. 65 വയസ്സിന് മുകളിലുള്ളവർക്കും ഹൈ റിസ്ക് വിഭാഗത്തിൽപ്പെട്ട മുതിർന്നവർക്കും വൈറസുമായി സമ്പർക്കത്തിൽ വരാൻ കൂടുതൽ സാധ്യതയുള്ള ജോലികൾ ചെയ്യുന്നവർക്കും ബൂസ്റ്റർ ഡോസ് എടുക്കാമെന്നാണ് അടുത്തിടെ അംഗീകരിച്ച മാർഗനിർദേശങ്ങൾ പറയുന്നത്.
വാക്സിൻ്റെ ഒന്നാം ഡോസ് പോലും എടുക്കാത്ത പ്രബല വിഭാഗം ഇപ്പോഴും അമേരിക്കയിൽ ഉണ്ടെന്നും അപകടകരമായ ഡെൽറ്റ വകഭേദം വ്യാപിക്കുന്നതിന് ഇവർ കാരണമാകുന്നതായും 78 കാരനായ ബൈഡൻ മുന്നറിയിപ്പ് നൽകി. 77 ശതമാനം അമേരിക്കക്കാരും വാക്സിൻ എടുത്തവരാണ്. എന്നാൽ അത് മതിയാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.