സുഹൃത്തുക്കളോ ബന്ധുക്കളോ ആവട്ടെ, ഇഷ്ടമുള്ള പോസ്റ്റുകൾ കണ്ടാൽ മതി; ഫേസ്ബുക്കിൽ വരുന്നത് വലിയ മാറ്റങ്ങൾ
ഫേസ്ബുക്ക് ഉപയോക്താക്കൾക്ക് ഒരു സന്തോഷവാർത്ത. ന്യൂസ്ഫീഡിലെ ഉള്ളടക്കം സ്വയം നിയന്ത്രിക്കാൻ കഴിയുന്ന തരത്തിലുള്ള മാറ്റങ്ങൾ കൊണ്ടുവരികയാണെന്ന് കമ്പനി അറിയിച്ചു. കുടുംബാംഗങ്ങളിൽനിന്നോ, സുഹൃത്തുക്കളിൽനിന്നോ, ലൈക്ക് ചെയ്ത ഗ്രൂപ്പുകളിൽനിന്നോ, പേജുകളിൽനിന്നോ ഉള്ള താത്പര്യമില്ലാത്ത ഉള്ളടക്കം ഒഴിവാക്കാൻ കഴിയുന്ന തരത്തിലുള്ള മാറ്റങ്ങളാണ് ഫേസ്ബുക്കിൽ വരുന്നത്. ന്യൂസ്ഫീഡ് അനുഭവം കുറേക്കൂടി കാര്യക്ഷമവും ഇഷ്ടാനുസൃതവുമാക്കാൻ സഹായിക്കുന്ന നിയന്ത്രണങ്ങളാണ് പരീക്ഷിക്കുന്നതെന്ന് കമ്പനി അറിയിച്ചു.
ഗ്രൂപ്പുകളും പേജുകളും വഴി അനാവശ്യവും അപ്രസക്തവുമായ ഉള്ളടക്കം ന്യൂസ്ഫീഡിൽ എത്തുന്നതായ പരാതികൾ നിലവിലുണ്ട്. ഒരു പേജ് ലൈക്ക് ചെയ്താൽ അതിൽനിന്നുള്ള മുഴുവൻ ഉള്ളടക്കവും തുടർച്ചയായി കാണേണ്ട അവസ്ഥയാണ് നിലവിലുള്ളത്. താത്പര്യമുള്ള കണ്ടൻ്റുകൾ കാണാനും അല്ലാത്തവ ഒഴിവാക്കാനും പുതിയ ഫീച്ചർ അനുവദിക്കും.
കൂടാതെ ഫേവറിറ്റുകൾ, സ്‌നൂസ്, അൺഫോളോ, റീകണക്‌റ്റ് ഓപ്‌ഷനുകൾ ഉൾപ്പെടെ നിലവിലുള്ള മുഴുവൻ നിയന്ത്രണങ്ങളും എളുപ്പത്തിൽ ആക്‌സസ് ചെയ്യാനാവും. നിലവിൽ പരിമിതമായ ആളുകളിൽ ഈ ഫീച്ചർ പരീക്ഷിക്കുന്നുണ്ടെന്നും ക്രമേണ ഇത് വിപുലീകരിക്കുമെന്നും ഫേസ്ബുക്ക് അറിയിച്ചു. ബിസ്നസ് ഉപയോക്താക്കൾക്കായും കമ്പനി ചില മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ട്.