ചിത്രത്തിന്റെ അനാച്ഛാദനം ടി എൻ പ്രതാപൻ എം പി നിർവഹിച്ചു.
ഇന്ത്യയിലെ ഏറ്റവും വലിയ മെസ്സി ചിത്രം കൊടുങ്ങല്ലൂരിൽ.
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ ഇന്ത്യയിലെ ഏറ്റവും വലിയ മെസ്സി ചിത്രത്തിന്റെ അനാച്ഛാദനം ടി എൻ പ്രതാപൻ എം പി നിർവഹിച്ചു. ചിത്രം അനാച്ഛാദനം ചെയ്യാൻ ക്ഷണിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് എം പി പറഞ്ഞു.
ഇക്കഴിഞ്ഞ കോപ്പ അമേരിക്ക ടൂർണമെന്റ് വേളയിൽ അർജന്റീനയോടും മെസ്സിയോടുമുള്ള കടുത്ത ആരാധനയുടെ പേരിൽ ശ്രദ്ധേയനായ യാദിൽ എം ഇക്ബാലാണ് ചിത്രം യാഥാർത്ഥ്യമാക്കിയത്. യാദിലിന്റെ കൊടുങ്ങല്ലൂരിലുള്ള കെ ടൗൺ റെസ്റ്റോറന്റിനോട് ചേർന്നാണ് മുപ്പത് അടി ഉയരവും 20 അടി വീതിയുമുള്ള ചിത്രം ഒരുക്കിയിരിക്കുന്നത്.
യുവ ചിത്രകാരൻ റാഷിദ് മെറാക്കിയാണ് ഈ കൂറ്റൻ ചിത്രം വരച്ചത്. അക്രലിക് എമൽഷൻ ഉപയോഗിച്ച് മൂന്നുദിവസം കൊണ്ടാണ് റാഷിദ് ഈ ചിത്രം തയ്യാറാക്കിയത്. കടുത്ത മഴക്കിടയിലും യാദിൽ അടക്കമുള്ള ഫുട്‌ബോൾ പ്രേമികളുടെ പ്രോത്സാഹനം വര വലിയ ആസ്വാദനമാക്കിയെന്ന് റാഷിദ് പറയുന്നു.
ഇത്തവണത്തെ കോപ്പ അമേരിക്ക കിരീടം അർജന്റീന നേടിയ സന്തോഷത്തിലാണ് കടുത്ത അർജന്റീന ആരാധകനായ യാദിൽ മെസ്സിക്ക് അഭിവാദ്യം അർപ്പിച്ചുകൊണ്ട് ഇങ്ങനെയൊരു ചിത്രത്തെ പറ്റി ആലോചിക്കുന്നതും റാഷിദിനെ സമീപിക്കുന്നതും.
ചിത്രം അനാച്ഛാദനം ചെയ്യുന്നതോടൊപ്പം 350 പേർക്ക് സൗജന്യമായി കുഴി മന്തി വിതരണം നടന്നു. അർജന്റീന കോപ്പ അമേരിക്ക ജേതാക്കളായാൽ സൗജന്യമായി മന്തി വിതരണം നടത്തുമെന്ന് യാദിൽ വാഗ്ദാനം ചെയ്തിരുന്നു.