അഭ്യൂഹങ്ങൾക്ക് വിട; ബിജു കുര്യൻ കേരളത്തിൽ തിരിച്ചെത്തി

മലപ്പുറം: കൃഷി പഠിക്കാൻ ഇസ്രായേലിലെത്തിയ ശേഷം മുങ്ങിയ മലയാളി കർഷകൻ ബിജു കുര്യൻ കേരളത്തിൽ തിരിച്ചെത്തി. രാവിലെ കരിപ്പൂരിൽ ഇറങ്ങിയ ബിജു വീട്ടിലേക്ക് മടങ്ങി. പുണ്യസ്ഥലങ്ങൾ സന്ദർശിക്കുകയായിരുന്നു ലക്ഷ്യമെന്നും സ്വമേധയാ മടങ്ങിയതാണെന്നും ബിജു പറഞ്ഞു. തന്നെ അന്വേഷിച്ച് ഒരു ഏജൻസിയും വന്നില്ലെന്നും സഹോദരനാണ് ടിക്കറ്റ് നൽകിയതെന്നും ബിജു പറയുന്നു. പുണ്യസ്ഥലങ്ങൾ സന്ദർശിക്കുകയായിരുന്നു ലക്ഷ്യം. ഇത് ഗ്രൂപ്പിനോട് പറഞ്ഞാൽ അനുവാദം ലഭിക്കില്ലെന്ന് കരുതി. മുങ്ങിയെന്ന വാർത്ത പരന്നപ്പോൾ സങ്കടമായി. അതുകൊണ്ടാണ് സംഘത്തോടൊപ്പം തിരികെ വരാൻ കഴിയാതിരുന്നത്. സർക്കാരിനോടും സംഘാംഗങ്ങളോടും ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നതായും ബിജു കുര്യൻ പറഞ്ഞു. കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി.അശോകിന്‍റെ നേതൃത്വത്തിൽ കേരള സർക്കാരിൻ്റെ 27 അംഗ കർഷക സംഘം ഈ മാസം 12നാണ് ഇസ്രായേലിലേക്ക് പോയത്. കണ്ണൂർ സ്വദേശിയായ കർഷകനായ ബിജു കുര്യനെ സന്ദർശനത്തിനിടെ സംഘത്തിൽ നിന്ന് കാണാതാവുകയായിരുന്നു. പിന്നീടാണ് മുങ്ങിയതാതാണെന്ന് അറിഞ്ഞത്. അതിനിടെ ബിജു വീട്ടിലേക്ക് വിളിച്ച് താൻ സുരക്ഷിതനാണെന്നും തിരച്ചിൽ നടത്തേണ്ടതില്ലെന്നും അറിയിക്കുകയായിരുന്നു. തുടർന്ന് ഫെബ്രുവരി 20ന് ബിജു കുര്യനെ കൂടാതെ കർഷക സംഘം തിരികെയെത്തി. ബിജുവിന്‍റെ വിസയ്ക്ക് മെയ് 8 വരെ സാധുതയുണ്ടായിരുന്നു. എന്നാൽ ബിജുവിന്‍റെ വിസ റദ്ദാക്കണമെന്ന് കേരള സർക്കാർ ഇന്ത്യൻ എംബസി മുഖേന ആവശ്യപ്പെട്ടു. ഇതോടെയാണ് അദ്ദേഹം തിരിച്ചെത്താൻ തീരുമാനിച്ചതെന്നാണ് സൂചന. 

Related Posts