ബില്‍ക്കിസ് ബാനു കേസ്; പ്രതികളുടെ മോചനത്തില്‍ തീരുമാനം ഗുജറാത്തിന്റേത്
ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് കലാപത്തിനിടെ കുടുംബത്തെ കൊലപ്പെടുത്തുകയും തന്നെ കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്ത കേസിൽ പ്രതികളുടെ മോചനവുമായി ബന്ധപ്പെട്ട് ബിൽക്കിസ് ബാനു സമർപ്പിച്ച പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ അജയ് റസ്തോഗി, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് പുനഃപരിശോധനാ ഹർജി തള്ളിയത്. മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച ഹർജി പരിഗണിക്കാൻ മെയ് 13ന് സുപ്രീം കോടതി ഗുജറാത്ത് സർക്കാരിന് നിർദേശം നൽകിയിരുന്നു. ഇതിനെതിരെ ബിൽക്കിസ് ബാനു നൽകിയ പുനഃപരിശോധനാ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. കുറ്റകൃത്യം നടന്ന സംസ്ഥാനത്തെ നിയമത്തിന്‍റെ അടിസ്ഥാനത്തിൽ മോചിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കണമെന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്ന ഹർജിയാണ് തള്ളിയത്. കേസിന്‍റെ വിചാരണ മഹാരാഷ്ട്രയിൽ നടന്നതിനാൽ, ഗുജറാത്തിലെ നിയമത്തിന്‍റെ അടിസ്ഥാനത്തിൽ വിട്ടയക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് ബിൽക്കിസ് ബാനു തന്‍റെ പുനഃപരിശോധനാ ഹർജിയിൽ പറഞ്ഞിരുന്നു. വിടുതൽ അപേക്ഷയിൽ തീരുമാനമെടുക്കേണ്ടത് മഹാരാഷ്ട്ര സർക്കാരാണെന്നും പുനഃപരിശോധനാ ഹർജിയിൽ പറഞ്ഞിരുന്നു. എന്നാൽ ഈ വാദം അംഗീകരിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. അതേസമയം, കേസിലെ 11 പ്രതികളെയും കുറ്റവിമുക്തരാക്കാനുള്ള ഗുജറാത്ത് സർക്കാരിന്റെ തീരുമാനത്തിനെതിരെ ബിൽക്കിസ് ബാനു സമർപ്പിച്ച റിട്ട് ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്.