ബിൽഗേറ്റ്സിൻ്റെ മകൾ ജെന്നിഫർ വിവാഹിതയായി, വരൻ നയെൽ നസാർ ഈജിപ്ഷ്യൻ കുതിര സവാരിക്കാരൻ
മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്സിൻ്റെയും മുൻ പങ്കാളി മെലിൻഡയുടെയും മകൾ ജെന്നിഫർ കാതറിൻ ഗേറ്റ്സ് വിവാഹിതയായി. വരൻ നയെൽ നസാർ പ്രൊഫഷണൽ കുതിര സവാരിക്കാരനാണ്. നോർത്ത് സലേമിലെ വസതിയിൽ 142 ഏക്കർ വിസ്തൃതിയിലുള്ള ഉദ്യാനത്തിൽ വെച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്. മുന്നൂറോളം വിശിഷ്ടാതിഥികളാണ് ചടങ്ങിൽ പങ്കെടുത്തത്. നസാർ ഇസ്ലാം മതക്കാരനായതിനാൽ ഇസ്ലാം ആചാരപ്രകാരമുള്ള ചടങ്ങുകളും നടത്തിയിരുന്നു.
കുവൈറ്റിലെ പ്രശസ്തമായ ഡിവാൻ ഇൻ്റീരിയേഴ്സ് ഇൻ്റർനാഷണൽ ഉൾപ്പെടെ ഇൻ്റീരിയർ ആർക്കിടെക്ചർ ഡിസൈനിങ്ങ് മേഖലയിലെ പ്രമുഖരായ ഫൗവദ് നസാർ, ഇമാം ഹാർബി ദമ്പതികളുടെ മകനാണ് നയെൽ നസാർ.
അഞ്ചുവയസ്സുമുതൽ കുതിര സവാരി നടത്തുന്നയാളാണ് നസാർ. ഗ്രാൻ്റ് പ്രിക്സ് സർക്യൂട്ടുകളിൽ സ്ഥിരമായി പങ്കെടുക്കുന്ന ഇദ്ദേഹം ന്യൂയോർക്ക് ലോൻജിനസ് ഗ്രാൻ്റ് പ്രിക്സിൽ ബഹുമതികൾ വാരിക്കൂട്ടിയിട്ടുണ്ട്. 2013, 2014, 2017 വർഷങ്ങളിൽ ലോകകപ്പ് ഫൈനലിൽ പങ്കെടുത്തിരുന്നു. സ്റ്റാൻഫഡ് സർവകലാശാലയിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ബിരുദം നേടിയിട്ടുണ്ട്. മെഡിക്കൽ ബിരുദമുള്ള ജെന്നിഫറും സ്റ്റാൻഫഡിലാണ് പഠിച്ചത്. അറുവയസ്സു മുതൽ കുതിര സവാരിയിൽ പരിശീലനം കിട്ടിയിട്ടുള്ള ജെന്നിഫറിന് അലക്സ് എന്ന പേരിൽ അരുമയായ ഒരു കുതിരയുണ്ട്.