ശതകോടീശ്വരൻ എലോൺ മസ്കിൻ്റെ 16 മാസം പ്രായമുള്ള മകൻ സ്പേസ് എക്സിൻ്റെ വെർച്വൽ മീറ്റിങ്ങിൽ

സ്പേസ് എക്സ് സ്ഥാപകനും ടെസ് ല വാഹന നിർമാതാവും ലോകത്തെ ശതകോടീശ്വരന്മാരിൽ ഒരാളുമായ എലോൺ മസ്കിൻ്റെ മകൻ വീണ്ടും വാർത്തകളിൽ നിറയുന്നു. സ്പേസ് എക്സിൻ്റെ ബിസ്നസ് പ്രസൻ്റേഷനിടെ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ടാണ് കുഞ്ഞ് ലോകത്തിൻ്റെ ശ്രദ്ധാകേന്ദ്രമായത്. യുഎസ് നാഷണൽ അക്കാഡമീസ് സ്പേസ് സ്റ്റഡീസ് ബോർഡ് സംഘടിപ്പിച്ച വെർച്വൽ യോഗത്തിലാണ് കുഞ്ഞിനെ കൈയിലേന്തി എലോൺ മസ്ക് പ്രത്യക്ഷപ്പെട്ടത്.

പ്രസൻ്റേഷന് മുൻപായി ഒരു ഇൻട്രോ വീഡിയോ പ്ലേ ചെയ്യാൻ മസ്ക് ആവശ്യപ്പെടുന്നുണ്ട്. വീഡിയോയിൽ ഒരു വലിയ റോക്കറ്റ് കൊണ്ടുപോകുന്നത് കാണുമ്പോൾ കുഞ്ഞ് ''കാർ, കാർ" എന്ന് പറയുന്നത് കേൾക്കാം. അപ്പോൾ മസ്ക് മകനോട് "റോക്കറ്റ് " എന്ന് പറയുന്നു. വലിയ കാറിൽ കൊണ്ടുപോകുന്നത് റോക്കറ്റാണ് എന്ന് വിശദീകരിക്കുന്നു. ആകാശത്തേക്ക് റോക്കറ്റ് വിക്ഷേപിക്കുമ്പോൾ കുഞ്ഞ് "സ്വൂഷ് " എന്ന ശബ്ദം പുറപ്പെടുവിക്കുന്നത് കേൾക്കാം. "ഹായ്, ഹായ്, ഹായ് " എന്ന് ഇടയ്ക്കിടെ വിഷ് ചെയ്ത് മറ്റുള്ളവരുമായി ഇൻ്ററാക്റ്റ് ചെയ്യാനും ജൂനിയർ മസ്ക് ശ്രമിക്കുന്നത് കാണാം. അതോടെ റൂമിലേക്ക് വേറൊരാൾ കടന്നുവന്ന് കുഞ്ഞിനെ മസ്കിൻ്റെ മടിയിൽനിന്ന് എടുത്തുകൊണ്ട് പോകുകയാണ്.

നേരത്തേ 16 മാസം മാത്രം പ്രായമുള്ള മകൻ്റെ പേര് എഴുതിയിരിക്കുന്നത് കണ്ട് (X Æ A-Xii) ഇത് എങ്ങനെയാണ് ഉച്ചരിക്കുക എന്നറിയാതെ തല ചൊറിഞ്ഞിരുന്ന അനുഭവം നെറ്റിസൺസിന് ഉണ്ടായിരുന്നു. ഒടുവിൽ മസ്ക് തന്നെയാണ് സഹായത്തിനെത്തിയത്. എക്സ് ആഷ് എ-12 എന്നാണ് മകൻ്റെ പേര്.

Related Posts