ഇൻഡിഗോയുടെ തലപ്പത്തേക്ക് ശതകോടീശ്വരൻ രാഹുൽ ഭാട്ടിയ
രാജ്യത്തെ ഏറ്റവും വലിയ എയർലൈൻ കമ്പനിയായ ഇൻഡിഗോയുടെ തലപ്പത്തേക്ക് ശതകോടീശ്വരൻ രാഹുൽ ഭാട്ടിയ എത്തുന്നു. കമ്പനി ത്രൈമാസ ലാഭം കൈവരിച്ച അവസരത്തിലാണ് പുതുതായി സൃഷ്ടിച്ച മാനേജിങ്ങ് ഡയറക്ടറുടെ സ്ഥാനം അദ്ദേഹം ഏറ്റെടുക്കുന്നത് എന്നത് ശ്രദ്ധേയമാണ്. വിപണി മൂല്യമനുസരിച്ച് ഏഷ്യയിലെ ഏറ്റവും വലിയ ബജറ്റ് കാരിയറായ ഇൻഡിഗോയുടെ സഹസ്ഥാപകനാണ് രാഹുൽ ഭാട്ടിയ.
ഭാട്ടിയയുടെ നിയമനം ഉടനടി പ്രാബല്യത്തിൽ വരുമെന്ന് ഇൻഡിഗോ വൃത്തങ്ങൾ വ്യക്തമാക്കി. കോർപ്പറേറ്റ് ഭരണത്തിൽ വീഴ്ച വരുത്തിയെന്ന ആരോപണത്തിൻ്റെ പേരിൽ സഹസ്ഥാപകനായ രാകേഷ് ഗാംഗ്‌വാളുമായുള്ള തർക്കം രമ്യതയിൽ എത്തുന്നതിൻ്റെ സൂചനയാണ് പുതിയ പദവി സൃഷ്ടിക്കലും അതിലേക്കുള്ള രാഹുൽ ഭാട്ടിയയുടെ സ്ഥാനാരോഹണവും എന്ന് വിലയിരുത്തപ്പെടുന്നു. 2015-ലെ ഷെയർഹോൾഡർ കരാറിനെച്ചൊല്ലി സ്ഥാപകർ തമ്മിൽ കടുത്ത തർക്കത്തിൽ ഏർപ്പെട്ടിരുന്നു.