തളിക്കുളത്ത് ബയോഫ്ളോക് മത്സ്യകൃഷി വിളവെടുത്തു
പ്രധാനമന്ത്രി മത്സ്യ സമ്പതാ യോജന പദ്ധതി പ്രകാരം തളിക്കുളത്ത് ബയോഫ്ളോക് മത്സ്യകൃഷി വിളവെടുത്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ ആർ പി ടി ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് മത്സ്യകൃഷി നടത്തിയത്. കുറഞ്ഞ സ്ഥലത്ത് കൂടുതൽ മീനുകൾ കൃഷി ചെയ്യുക എന്ന കാഴ്ചപ്പാടാണ് നൂതന സാങ്കേതിക വിദ്യയായ ബയോഫ്ളോക് കൊണ്ട് ഉദ്ദേശിക്കുന്നത്. നാല് മീറ്റർ വ്യാസവും 16,000 ലിറ്റർ കപ്പാസിറ്റിയുമുള്ള ഏഴ് കൃത്രിമ കുളങ്ങളിലാണ് 6 മാസം മുമ്പ് 7000 ഗിഫ്റ്റ് തിലാപ്പിയ മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. ആറ് മാസം കൊണ്ട് ഓരോ മീനുകളും 400 ഗ്രാം വീതം തൂക്കമുള്ളതായി. സർക്കാർ സബ്സിഡി ഉൾപ്പെടെ ഏഴരലക്ഷം രൂപ ചിലവഴിച്ചാണ് ആർ പി ടി ഗ്രൂപ്പ് ബയോ ഫ്ളോക്ക് മത്സ്യക്കൃഷി ആരംഭിച്ചത്.
ചടങ്ങിൽ മുൻ കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ മത്സ്യകൃഷി വിളവെടുത്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് പി കെ അനിത, പഞ്ചായത്തംഗങ്ങളായ സുമന ജോഷി, ഷാജി ആലുങ്ങൽ, പ്രോജക്ട് കോഡിനേറ്റർ പി വി ഹിത, ആർ പി ടി ഗ്രൂപ്പ് അംഗം നൗഷാദ് ചെപ്പു എന്നിവർ പങ്കെടുത്തു.