ഗുരുവായൂര്‍ നഗരസഭയിൽ ബയോഫ്ളോക്ക് മത്സ്യകൃഷി രണ്ടാം ഘട്ട വിളവെടുപ്പ് നടത്തി
തൃശൂർ: കേരള സര്‍ക്കാരിന്റെ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി ഫിഷറീസ് വകുപ്പും ഗുരുവായൂര്‍ നഗരസഭയും സംയുക്തമായി നടപ്പിലാക്കുന്ന ബയോഫ്ളോക്ക് മത്സ്യകൃഷിയുടെ രണ്ടാം ഘട്ട വിളവെടുപ്പ് നടന്നു. വാര്‍ഡ് 41ലെ മത്സ്യകര്‍ഷകനായ ജോഷി മുട്ടത്തിന്‍റെ ഉടമസ്ഥതയിലുളള ഫൈനസ്റ്റ് ഫിഷ്ഫാമില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ എം കൃഷ്ണദാസ് മത്സ്യകൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.
20,000 ലിറ്റര്‍ സംഭരണശേഷിയുളള 5 മീറ്റര്‍ വ്യാസമുളള ടാങ്കില്‍ 6 മാസം കൊണ്ടാണ് മത്സ്യകൃഷി നടത്തിയത്. വിളവെടുപ്പില്‍ 300 കിലോ മത്സ്യങ്ങള്‍ ലഭിച്ചു. നഗരസഭ വികസനകാര്യ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്‍ എ എം ഷെഫീര്‍ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൗണ്‍സിലര്‍ ഷെഫീന ഷാഹിര്‍, ഫിഷറീസ് വകുപ്പ് കോര്‍ഡിനേറ്റര്‍ ശ്രുതി എം സുകു, പ്രൊമോട്ടര്‍ കെ പി പ്രീന തുടങ്ങിയവര്‍ സംസാരിച്ചു.