കാമില രാജ്ഞി സഞ്ചരിച്ച വിമാനത്തിൽ പക്ഷിയിടിച്ചു; സംഭവം ബാംഗ്ലൂർ സന്ദർശിച്ച് മടങ്ങവേ

ലണ്ടന്‍: ഇംഗ്ലണ്ടിലെ കാമില രാജ്ഞി ബാംഗ്ലൂർ സന്ദർശനത്തിന് ശേഷം ലണ്ടനിലേക്ക് മടങ്ങവെ സഞ്ചരിച്ചിരുന്ന വിമാനത്തിൽ പക്ഷി ഇടിച്ചു. ബ്രിട്ടീഷ് എയർവേയ്സ് വിമാനത്തിലാണ് പക്ഷി ഇടിച്ചത്. വിമാനത്തിന്‍റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്ഞി സ്ഥിരമായി സന്ദർശിക്കുന്ന ബാംഗ്ലൂരിലെ 'സൗഖ്യ' വെൽനെസ് സെന്‍റർ സന്ദർശിച്ച് മടങ്ങുമ്പോഴായിരുന്നു അപകടം. ബോയിങ് 777-200 ഇആർ വിമാനം ബാംഗ്ലൂരിൽ നിന്ന് ബ്രിട്ടനിലെ ഹീത്രൂ വിമാനത്താവളത്തിലേക്ക് പോകവെയാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തെക്കുറിച്ച് ബക്കിംഗ്ഹാം കൊട്ടാരത്തിൽ നിന്ന് ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല. ഒക്ടോബർ 20നാണ് രാജ്ഞിയും പരിവാരങ്ങളും 'സൗഖ്യ'യിലെത്തിയത്. റോയൽ പ്രൊട്ടക്ഷൻ സ്ക്വാഡിലെ ഏതാനും സേവകരും കൂടെ ഉണ്ടായിരുന്നു. വർഷങ്ങളായി രാജ്ഞി സ്ഥിരം സന്ദർശിക്കുന്ന വെല്‍നെസ് സെന്റര്‍ ആണ് സൗഖ്യ.

Related Posts