ജയസൂര്യയ്ക്ക് പിറന്നാൾ സമ്മാനം; നൃത്ത ചിത്രം ബൈ ഡാവിഞ്ചി ഫാമിലി.
നടൻ ജയസൂര്യയ്ക്ക് പിറന്നാൾ സമ്മാനമായി നൃത്തം ചെയ്തുകൊണ്ട് ജയസൂര്യയുടെ ചിത്രം വരച്ച് ഡാവിഞ്ചി ഫാമിലി. മൂന്നടി നീളവും രണ്ടടി വീതിയുമുള്ള ആറു ബോര്‍ഡുകളിലായി ഒന്‍പതു പേര്‍ ചേർന്നാണ് ചിത്രം വരച്ചത്.
ചിത്രകാരന്‍ ഡാവിഞ്ചി സുരേഷിന്‍റെ മക്കള്‍ ഇന്ദുലേഖയും ഇന്ദ്രജിത്തും ജേഷ്ഠാനുജന്മാരുടെ മക്കളായ അശ്വതി, വൈശാഖ്, കാര്‍ത്തിക്, മാളവിക, ദേവിപ്രിയ, ഗൗരീ നന്ദന്‍ എന്നി ഒന്‍പതു പേരടങ്ങുന്ന കുടുംബാംഗങ്ങളാണ് നടൻ ജയസൂര്യയുടെ ജന്മദിനത്തിൽ ഈ വ്യത്യസ്തമായ നൃത്തപശ്ചാത്തലത്തിൽ ചിത്രമൊരിക്കിയത്. ജയസൂര്യ സിനിമകളിലെ പാട്ടും ഡയലോഗും കോർത്തിണക്കികൊണ്ടുള്ള സംഗീതത്തിന് ഒൻപത് പേർ മാറി മാറി ചുവട് വെച്ചുകൊണ്ട് തലതിരിച്ചു വരക്കുകയും അവസാനം ആറു ബോര്‍ഡുകള്‍ ചേര്‍ത്ത് വെക്കുമ്പോള്‍ ജയസൂര്യയുടെ മുഖചിത്രം പൂര്‍ത്തിയാകുകയുമായിരുന്നു.
ജയസൂര്യ നേരിട്ടു വിളിക്കുകയും വീഡിയോയിലൂടെ ടീമംഗങ്ങളെ അഭിനന്ദിക്കുകയും ആശംസകള്‍ അറിയിക്കുകയും ചെയ്തു. ഫ്ലവേഴ്സ് ചാനലിലെ നമസ്തേ ഫ്ലവേഴ്സ് പരിപാടിയില്‍ പെര്‍ഫോമന്‍സ് സംപ്രേക്ഷണം ചെയ്യുകയും ചെയ്തിരുന്നു. വളരെയധികം ശ്രദ്ധയോടെ ചെയ്യേണ്ട കലാരൂപങ്ങലാണ് നൃത്തവും ചിത്ര രചനയും. ഇത് രണ്ടും കൂടി ചെയ്യുന്നത് വളരെ ശ്രമകരമായ കാര്യമാണ് പരിശ്രമത്തിലൂടെ മാത്രമേ ഇത് സാധിക്കൂ എന്ന് ഡാവിഞ്ചി സുരേഷ് പറഞ്ഞു. സുരേഷിന്‍റെ ജേഷ്ഠന്റെ മകള്‍ അശ്വതിയാണ് കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത്.