ഗുജറാത്തില്‍ വീണ്ടും ബിജെപി സര്‍ക്കാർ; സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
അഹമ്മദാബാദ്: ഭൂപേന്ദ്ര പട്ടേലിന്‍റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ഗുജറാത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്യത്തെ എല്ലാ പ്രമുഖ ബിജെപി നേതാക്കളും പങ്കെടുത്ത പ്രൗഢ ഗംഭീരമായ ചടങ്ങിൽ ഗവർണർ ആചാര്യ ദേവവ്രത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനും മന്ത്രിമാർക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. ഗുജറാത്തിന്‍റെ 18-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഭൂപേന്ദ്ര പട്ടേൽ ഇത് രണ്ടാം തവണയാണ് മുഖ്യമന്ത്രിയാകുന്നത്. ഗാന്ധി നഗറിലെ ഹെലിപാഡ് ഗ്രൗണ്ടിലായിരുന്നു ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടാതെ ബിജെപി അധ്യക്ഷൻ ജെ പി നദ്ദ, ആഭ്യന്തരമന്ത്രി അമിത് ഷാ, യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ള ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, കേന്ദ്രമന്ത്രിമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. 182 അംഗ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ 156 സീറ്റുകൾ നേടിയാണ് ബിജെപി വിജയിച്ചത്. സംസ്ഥാനത്ത് തുടർച്ചയായ ഏഴാം തവണയാണ് ബിജെപി അധികാരത്തിലേറുന്നത്.