യു പി യിൽ ബി ജെ പി, പഞ്ചാബിൽ ആം ആദ്മി; അഞ്ചിൽ നാല് സംസ്ഥാനങ്ങളിലും ബി ജെ പി യുടെ മുന്നേറ്റം

ആകെയുള്ള 403 നിയമസഭാ മണ്ഡലങ്ങളിൽ 273 സീറ്റിലും ലീഡ് ചെയ്യുന്ന ഉത്തർപ്രദേശിൽ ബി ജെ പി ക്ക് വ്യക്തമായ മേൽക്കൈ ലഭിച്ചതോടെ യോഗി ആദിത്യനാഥ്‌ മുഖ്യമന്ത്രി സ്ഥാനം നിലനിർത്തുമെന്ന് ഉറപ്പായി. ശക്തമായ മത്സരം കാഴ്ചവെയ്ക്കുമെന്ന് കണക്കുകൂട്ടിയിരുന്ന സമാജ് വാദി പാർടിയുടെ ലീഡ് നില 120 ആണ്. ബി എസ് പി കേവലം അഞ്ചിടത്താണ് ലീഡ് ചെയ്യുന്നത്. രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും മുന്നിൽ നിന്ന് നയിച്ചിട്ടും യു പി യിൽ കോൺഗ്രസ്സിന് തിരിച്ചുവരാൻ കഴിഞ്ഞില്ല. കേവലം മൂന്നിടത്താണ് പേരിനെങ്കിലും കോൺഗ്രസ് ഉള്ളത്.

പഞ്ചാബിൽ തൂത്തുവാരുന്ന വിജയമാണ് ആം ആദ്മി നേടുക എന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾ അക്ഷരാർഥത്തിൽ ശരിവെയ്ക്കുന്നതാണ് പാർടിയുടെ മുന്നേറ്റം. ആകെയുള്ള 117 സീറ്റിൽ 90 ഇടത്തും ആം ആദ്മി സ്ഥാനാർഥികളാണ് ലീഡ് ചെയ്യുന്നത്. കേവലം 18 ഇടത്താണ് കോൺഗ്രസ് മുന്നിലുള്ളത്. ശിരോമണി അകാലി ദൾ 5 ഇടങ്ങളിലും ബി ജെ പി 2 ഇടത്തും ലീഡ് ചെയ്യുന്നു.

60 സീറ്റുള്ള മണിപ്പൂരിൽ 30 ഇടത്തും ലീഡ് നേടി ബി ജെ പി കുതിക്കുകയാണ്. ഉത്തരാഖണ്ഡിലും സ്ഥിതി സമാനമാണ്. ആകെയുള്ള 70 സീറ്റിൽ 43 ഇടത്തും ബി ജെ പി യാണ് മുന്നിൽ. 23 സീറ്റിലാണ് കോൺഗ്രസ്സിന് ലീഡ്.

Related Posts