കുടുംബത്തിലെ ഒരാള്‍ക്ക് ജോലി, കര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതി; യുപിയില്‍ ബി ജെ പി പ്രകടനപത്രിക

ലഖ്നൗ: ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വമ്പന്‍ വാഗ്ദാനങ്ങളുമായി പ്രകടന പത്രിക പുറത്തിറക്കി ബി ജെ പി. ലഖ്നൗവില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് പ്രകടന പത്രിക പുറത്തിറക്കിയത്.
കര്‍ഷകര്‍ക്ക് ജലസേചന ആവശ്യങ്ങള്‍ക്ക് സൗജന്യ വൈദ്യുതി, ഒരോ കുടുംബത്തിലെയും ഒരാള്‍ക്ക് ജോലി, കോളജ് വിദ്യാര്‍ത്ഥിനികള്‍ക്ക് ഇരുചക്ര വാഹനം, ഹോളിക്കും ദീപാവലിക്കും സത്രീകള്‍ക്ക് ഓരോ സൗജന്യ ഗ്യാസ് സിലിണ്ടര്‍, 60 വയസ് കഴിഞ്ഞ സ്ത്രീകള്‍ക്ക് പൊതുഗതാഗത സംവിധാനങ്ങളില്‍ സൗജന്യ യാത്ര, പഞ്ചസാര മില്ലുകള്‍ പുതുക്കി പണിയുന്നതിന് 5,000 കോടി, ഗോതമ്പിനും നെല്ലിനും മിനിമ താങ്ങുവില തുടങ്ങിയ വമ്പന്‍ വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിലുള്ളത്.
സംസ്ഥാനത്തെ പ്രതിശീര്‍ഷ വരുമാനം ഇരട്ടിയാക്കും, പത്തുലക്ഷം കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കും, വിധവാ പെന്‍ഷന്‍ 800ല്‍ നിന്ന് 1,500 രൂപയായി ഉയര്‍ത്തും തുടങ്ങിയ വാഗ്ദാനങ്ങൾ പ്രകടന പത്രികയിലുണ്ട്
നേരത്തെ ഫെബ്രുവരി ആറിന് പ്രകടന പത്രിക പുറത്തിറക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഗായിക ലതാ മങ്കേഷ്‌കറുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ പ്രകടന പത്രിക പുറത്തിറക്കല്‍ ചടങ്ങ് മാറ്റിവെക്കുകയായിരുന്നു.