നിതിൻ ഗഡ്കരി 'സ്പൈഡർമാൻ' ആണെന്ന് ബിജെപി എം പി തപിർ ഗാവോ
കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി സ്പൈഡർമാൻ ആണെന്ന് ബിജെപി എം പി തപിർ ഗാവോ. സ്പൈഡർമാനെപ്പോലെ രാജ്യത്തുടനീളം റോഡുകളുടെ ഒരു ചിലന്തിവലയാണ് ഗഡ്കരി കെട്ടുന്നതെന്ന് എം പി പറഞ്ഞു.
"നിതിൻ ഗഡ്കരി സാഹിബിന്റെ പേര് ഞാൻ സ്പൈഡർമാൻ എന്നാക്കി മാറ്റി. ചിലന്തി വല നെയ്യുന്നതുപോലെ, ഗഡ്കരി സാഹിബും രാജ്യത്തുടനീളം റോഡുകളുടെ വല നെയ്യുകയാണ്," ലോക്സഭയിൽ നടന്ന ചർച്ചയ്ക്കിടെ ഗാവോ കേന്ദ്ര മന്ത്രിയെ പ്രശംസിച്ചു. നരേന്ദ്ര മോദി പ്രധാനമന്ത്രിയും നിതിൻ ഗഡ്കരി റോഡ്, ഹൈവേ ചുമതലയുള്ള മന്ത്രിയും ആയതിനു ശേഷം റോഡ് വികസനത്തിൽ വൻ മുന്നേറ്റമാണ് രാജ്യം നടത്തുന്നതെന്ന് ലോക് സഭാംഗം അഭിപ്രായപ്പെട്ടു. പ്രതിദിനം ശരാശരി 37 കിലോമീറ്റർ റോഡാണ് രാജ്യത്ത് പുതുതായി നിർമിക്കുന്നത്. അരുണാചൽ പ്രദേശിൽ നിന്നുള്ള ലോക്‌സഭാ എം പി യാണ് ഗാവോ.