ബി ജെ പി നാട്ടിക പഞ്ചായത്ത് നേതൃസംഗമം തൃപ്രയാറിൽ നടന്നു
തൃപ്രയാർ: ബി ജെ പി നാട്ടിക പഞ്ചായത്ത് നേതൃസംഗമം തൃപ്രയാറിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് എ എൻ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കേരളത്തെ കടക്കെണിയിൽപ്പെടുത്തി കൊള്ളയടിക്കാനുള്ള സി പി എമ്മിന്റെ ദുഷ്ടലാക്കാണ് കെ റെയിൽ പദ്ധതിയെന്നും, ഭീകരവാദികളോട് സി പി എമ്മും ആഭ്യന്തരവകുപ്പും പുലർത്തുന്ന മൃദുസമീപനം ആശങ്കാജനകമാണെന്നുംഅദ്ദേഹം പറഞ്ഞു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് സജ്ജനി മുരളി ഉണ്ണാരം പുരയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ട് ഇ പി ഹരീഷ് മാസ്റ്റർ, ജന: സെക്രട്ടറി എ കെ ചന്ദ്രശേഖരൻ, എന്നിവർ വിവിധ വിഷയങ്ങളവതരിപ്പിച്ചു. പഞ്ചായത്ത് ജന: സെക്രട്ടറി സുധീർ കെ എസ് സ്വാഗതം പറഞ്ഞു. പഴകി ദ്രവിച്ച് കാലഹരണപ്പെട്ട പുത്തൻതോടു ചീപ്പ് മാറ്റി പുഴയോരവാസികളുടെ ശുദ്ധജല സ്രോതസ്സുകളിൽ ഉപ്പുവെള്ളം കയറാതിരിക്കാൻ സ്ഥിരം സംവിധാനം ഉണ്ടാക്കണമെന്നും, നാട്ടിക ബീച്ചിൽ എം എൽ എ ഫണ്ടിൽ നിന്നും കോടികൾ ചിലവഴിച്ച് നിർമ്മിച്ച കുട്ടികളുടെ പാർക്ക് കാടുപിടിച്ച് നശിക്കുന്നത് തടയണമെന്നും പാർക്കിന്റെ സംരക്ഷണത്തിന് ജീവനക്കാരെ നിയമിക്കണമെന്നും, നിയമവിരുദ്ധമായി മണ്ണിട്ടു നികത്തിയ തോടുകളും പാടങ്ങളും ശുദ്ധജല ശ്രോതസ്സുകളും പുനസ്ഥാപിച്ചു വെള്ളക്കെട്ടു ഒഴിവാക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്നും, കുടിവെള്ള വിതരണത്തിന് സ്ഥിരം സംവിധാനം ഉണ്ടാവണമെന്നും, മാലിന്യ നിർമാർജ്ജനത്തിനായി ഊർജിത നടപടികൾ സ്വീകരിക്കണമെന്നും, പുഴയോരം കൈയ്യേറി നിയമവിരൂദ്ധ കെട്ടിട നിർമ്മാണം നടത്തി വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും, തൃപ്രയാർ ബസ്സ് സ്റ്റാൻഡ് നിർമ്മാണം എത്രയും വേഗം ആരംഭിക്കണമെന്നും, വിവിധ പ്രമേയങ്ങളിലൂടെ യോഗം ആവശ്യപ്പെട്ടു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സുരേഷ് ഇയ്യാനി, പി വി സെന്തിൽ കുമാർ, ഗ്രീഷ്മ സുഖിലേഷ്, ഭാരവാഹികളായ പി കെ ബേബി, സുജിത് ടി കെ, ഉണ്ണിമോൻ, സിജിത്ത് കരുവത്ത്, ഗോപിനാഥ് യു കെ, ഷാജി പുളിക്കൽ, ശ്രീഹരി പി ബി, മോഹനൻ എരണേഴത്ത്, അംബിക ടീച്ചർ, സന്തോഷ് തോപ്പിൽ, രവി കാഞ്ഞിരപ്പറമ്പിൽ, എന്നിവർ നേതൃത്വം നല്കി.