ദേശീയ വക്താവ് നൂപുർ ശർമയെ ബി ജെ പി സസ്പെൻഡ് ചെയ്തു

ന്യൂഡൽഹി: മുഹമ്മദ് നബിയേക്കുറിച്ച് വിവാദ പരാമർശം നടത്തിയ ദേശീയ വക്താവ് നൂപുർ ശർമയെ ബി.ജെ.പി. സസ്പെൻഡ് ചെയ്തു. പാർട്ടിയുടെ ഡൽഹി മാധ്യമവിഭാഗം മേധാവി നവീൻ ജിൻഡാലിനേയും പാർട്ടി സസ്പെൻഡ് ചെയ്തിട്ടുണ്ട്. നൂപുർ ശർമ നടത്തിയ വിവാദ പരാമർശത്തിൽ വ്യാപകമായ പ്രതിഷേധവും സംഘർഷവും തുടരുന്നതിനിടെയാണ് ബി.ജെ.പിയുടെ നടപടി.

കഴിഞ്ഞയാഴ്ച ഒരു ചാനൽ ചർച്ചയ്ക്കിടയിലാണ് നൂപുർ ശർമ, പ്രവാചകൻ മുഹമ്മദ് നബിയെ അവഹേളിക്കുന്ന പ്രസ്താവന നടത്തിയത്. ഇതിനെതിരേ മുസ്ലിം സംഘടനകൾ വ്യാപക പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രസ്താവനയെ തുടർന്ന് ഉത്തർപ്രദേശിലെ കാൻപുരിൽ വെള്ളിയാഴ്ച ഉണ്ടായ സംഘർഷത്തിൽ 20 പോലീസ് ഉദ്യോഗസ്ഥർക്കടക്കം 40 ഓളം പേർക്ക് പരിക്കേറ്റു . സംഭവത്തിൽ 36 പേരെ അറസ്റ്റ് ചെയ്യുകയും 1500-ഓളം പേർക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

നേരത്തെ, നൂപുറിന്റെ പരാമർശത്തെ തള്ളിയ ബി.ജെ.പി., ഏതെങ്കിലും മതവ്യക്തിത്വങ്ങളെ അപമാനിക്കുന്നതിനെ ശക്തമായി അപലപിക്കുന്നുവെന്നും വ്യക്തമാക്കിയിരുന്നു. 'ഇന്ത്യയുടെ ആയിരക്കണക്കിന് വർഷത്തെ ചരിത്രത്തിൽ, എല്ലാ മതങ്ങളും വളരുകയും പന്തലിക്കുകയും ചെയ്തു. ഭാരതീയ ജനതാ പാർട്ടി എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു. ഏതെങ്കിലും മതത്തിലെ ഏതെങ്കിലും മതവ്യക്തിത്വങ്ങളെ അപമാനിക്കുന്നതിനെ ബി.ജെ.പി. ശക്തമായി അപലപിക്കുന്നു', ബി.ജെ.പി. പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷികം ആഘോഷിക്കുന്ന വേളയിൽ, രാജ്യത്തെ എല്ലാവരും തുല്യതയോടെയും അന്തസ്സോടെയും ജീവിക്കുന്ന ഒരു മഹത്തായ രാജ്യമാക്കി മാറ്റാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ബിജെപി പറഞ്ഞു.

Related Posts