തീരദേശത്തെ പള്ളികളില്‍ കരിങ്കൊടി; സമരം ശക്തമാക്കുന്നു
തിരുവനന്തപുരം: തീരശോഷണത്തിനെതിരെ സമരം ശക്തമാക്കുകയാണ് മത്സ്യത്തൊഴിലാളികൾ. തിരുവനന്തപുരത്തെ തീരപ്രദേശങ്ങളിലെ പള്ളികളിലും പാളയം പള്ളിയിലും കരിങ്കൊടി ഉയർത്തി. തീരദേശവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് കരിങ്കൊടി ഉയർത്തിയത്. വിവിധ ഇടവകകളിൽ നിന്ന് വരുന്ന മത്സ്യത്തൊഴിലാളികൾ ഇന്ന് വിഴിഞ്ഞം തുറമുഖ നിർമ്മാണ സ്ഥലം ഉപരോധിക്കും. മത്സ്യത്തൊഴിലാളികളുടെ നിലനിൽപ്പ് പ്രതിസന്ധിയിലാണെന്ന് ലത്തീൻ അതിരൂപത വികാരി ജനറൽ യൂജിൻ പെരേര പറഞ്ഞു. തീരദേശവാസികളുടെ അതിജീവന പോരാട്ടം ആവാസവ്യവസ്ഥയുടെ നഷ്ടത്തിനെതിരെയാണ്. കഴിഞ്ഞ ദിവസം അവർ ഒരു തിരമാല പോലെ തലസ്ഥാനത്തേക്ക് കുതിച്ചു. പ്രശ്നം പരിഹരിക്കപ്പെടാത്തതിനെ തുടർന്ന് സമരം വിഴിഞ്ഞം തുറമുഖ മേഖലയിലേക്കും വ്യാപിപ്പിക്കുകയാണ്. കരയിലും കടലിലും മത്സ്യത്തൊഴിലാളികളെ അണിനിരത്തി അനിശ്ചിതകാല ഉപരോധം നടത്താനാണ് തീരുമാനം. രാവിലെ 10.30ന് തുറമുഖ നിര്‍മാണം നടക്കുന്ന മുല്ലൂരിലെ പ്രധാന കവാടം ഉപരോധിക്കും. തുടർന്നുള്ള ദിവസങ്ങളിൽ വിവിധ ഇടവകകൾ തുറമുഖത്തിന്‍റെ പ്രധാന കവാടം ഉപരോധിക്കും. എല്ലാ ഇടവകകളിലും കരിങ്കൊടി ഉയർത്തും. തുറമുഖ നിർമ്മാണം നിർത്തിവയ്ക്കുക, തീരശോഷണത്തെക്കുറിച്ച് പഠിക്കുക, കടലാക്രമണത്തിൽ വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസം ഉറപ്പാക്കുക, ക്യാമ്പുകളിൽ കഴിയുന്നവരുടെ പുനരധിവാസം ഉറപ്പാക്കുക, നഷ്ടപ്പെട്ട വീടിനും വസ്തുവിനും നഷ്ടപരിഹാരം, കുറഞ്ഞ വിലയ്ക്ക് മണ്ണെണ്ണ നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മത്സ്യത്തൊഴിലാളികൾ സമരം നടത്തുന്നത്. മറ്റ് ലത്തീൻ രൂപതകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.