മുഖ്യമന്ത്രിക്ക് ഇനി 'ബ്ലാക്ക് കാർ' എസ്കോർട്ട്; 62.46 ലക്ഷം ചിലവിട്ട് 4 ആഡംബര കാറുകൾ

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് പൈലറ്റും എസ്കോർട്ടുമായി പോകാൻ നാല് പുതിയ കാറുകൾ വാങ്ങുന്നു. പ്രത്യേക കേസായി പരിഗണിച്ചാണ് ആഭ്യന്തര വകുപ്പ് അനുമതി നല്‍കിയിരിക്കുന്നത്. കറുപ്പ് നിറത്തിലുള്ള മൂന്ന് ഇന്നോവ ക്രിസ്റ്റ കാറുകളും ഒരു ടാറ്റ ഹാരിയറുമാണ് വാങ്ങുന്നത്. ഇതിനായി 62.46 ലക്ഷം രൂപ അനുവദിച്ചുകൊണ്ട് ഉത്തരവായി. പുതിയ കാറുകൾ വരുമ്പോൾ നിലവിൽ ഉപയോഗിക്കുന്നവയിൽ രണ്ട് കാറുകൾ മാറ്റും. പഴക്കം ചെന്ന രണ്ട് കാറുകള്‍ മാറ്റണമെന്ന സംസ്ഥാന പോലീസ് മേധാവിയുടെ അപേക്ഷയിലാണ് ലക്ഷങ്ങള്‍ മുടക്കി നാലു കാറുകള്‍ വാങ്ങാനുള്ള നടപടി.

കഴിഞ്ഞ മെയ് 29നാണ് മുഖ്യമന്ത്രിയുടെ എസ്കോര്‍ട്ട് ജോലിക്കായി ഉപോഗിക്കുന്ന രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകള്‍ മാറ്റി പുതിയത് വാങ്ങണമെന്ന് സംസ്ഥാന പോലീസ് മേധാവി ആഭ്യന്തര വകുപ്പിന് കത്തെഴുതുന്നത്. ഈ വാഹനങ്ങളുടെ കാര്യക്ഷമത കുറഞ്ഞതിനാല്‍ പകരം പുതിയ കാറുകള്‍ വാങ്ങാന്‍ അനുവദിക്കണമെന്നായിരുന്നു അപേക്ഷ.

ഈ അപേക്ഷയിലാണ് കഴിഞ്ഞ ദിവസം ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നാലു ലക്ഷ്വറി കാറുകള്‍ വാങ്ങുന്നതിന് അനുമതി നല്‍കികൊണ്ടുള്ള ഉത്തരവിറക്കിയിരിക്കുന്നത്. കെഎൽ 01 സിഡി 4764, കെഎൽ 01 സിഡി 4857 എന്നീ റജിസ്ട്രേഷൻ നമ്പറുകളുള്ള കാറുകളാണ് പൈലറ്റ്, എസ്കോർട്ട് ഡ്യൂട്ടികളിൽ നിന്ന് ഒഴിവാക്കുന്നത്. നാല് വർഷം പഴക്കമുള്ള വാഹനങ്ങളാണിവ.

ഒന്നര ലക്ഷം കിലോമീറ്റര്‍ ഓടി കഴിഞ്ഞാല്‍ വാഹനങ്ങളുടെ കാര്യക്ഷമത കുറയുമെന്ന് ആഭ്യന്തര വകുപ്പിലെ ഉന്നതർ പറയുന്നു. പൈലറ്റ് എസ്കോർട്ട് സര്‍വീസിന് കാര്യക്ഷമത കുറഞ്ഞ വാഹനങ്ങള്‍ ഉപയോഗിക്കാൻ കഴിയില്ല. ഈ സാഹചര്യത്തിലാണ് പുതിയ കാറുകള്‍ വാങ്ങുന്നതെന്നാണ് വിശദീകരണം.

Related Posts