ആന്ധ്രാപ്രദേശിൽ ഫാർമ നിർമാണ യൂണിറ്റിൽ സ്‌ഫോടനം; 6 മരണം, 15 പേർക്ക് ഗുരുതര പരിക്ക്
ആന്ധ്രാപ്രദേശിലെ ഏലൂർ ജില്ലയിലെ അക്കിറെഡ്ഡിഗുഡെമിൽ ഫാർമ നിർമാണ യൂണിറ്റിൽ ഉണ്ടായ വാതക ചോർച്ചയെ തുടർന്ന് റിയാക്ടർ പൊട്ടിത്തെറിച്ച് ആറ് പേർ മരിക്കുകയും 15 പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു.
ഫാർമസ്യൂട്ടിക്കൽ ഇന്റർമീഡിയറികളും സ്പെഷ്യാലിറ്റി കെമിക്കൽസും നിർമിക്കുന്ന പോറസ് ലബോറട്ടറീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഫാർമ യൂണിറ്റിൽ സ്ഫോടനം നടക്കുമ്പോൾ 20-ലധികം ആളുകൾ ജോലി ചെയ്തിരുന്നതായി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ബി ശ്രീനിവാസുലു പറഞ്ഞു.
കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് 25 ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവർക്ക് 5 ലക്ഷം രൂപ വീതവും പരിക്കേറ്റ മറ്റുള്ളവർക്ക് 2 ലക്ഷം രൂപ വീതവും നഷ്ടപരിഹാരം പ്രഖ്യാപിച്ചു. അന്വേഷണത്തിന് ഉത്തരവിട്ട മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി പരിക്കേറ്റവർക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാൻ അധികാരികളോട് ആവശ്യപ്പെട്ടു.



