വീണ്ടും മത്സരം നടത്തണം; ഔദ്യോഗിക പ്രതിഷേധവുമായി ബ്ലാസ്റ്റേഴ്സ്
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ ഒമ്പതാം സീസണിലെ വിവാദ പ്ലേ ഓഫ് മത്സരത്തിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗിക പ്രതിഷേധവുമായി രംഗത്ത്. ബെംഗളൂരുവിനെതിരായ മത്സരം വീണ്ടും നടത്തണമെന്നും റഫറി ക്രിസ്റ്റൽ ജോണിനെ വിലക്കണമെന്നും ആവശ്യപ്പെട്ട് ബ്ലാസ്റ്റേഴ്സ് പരാതി നൽകിയതായാണ് റിപ്പോർട്ട്. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുത്തേക്കും. ബെംഗളൂരുവിന്‍റെ ഹോം ഗ്രൗണ്ടായ ശ്രീകണ്ഠീരവയിൽ നടന്ന മത്സരത്തിന്‍റെ എക്സ്ട്രാ ടൈമിനിടെയാണ് വിവാദ സംഭവം നടന്നത്. ബെംഗളൂരുവിന് അനുവദിച്ച ഫ്രീകിക്കിന് ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ തയ്യാറാകുന്നതിന് മുമ്പ് സുനിൽ ഛേത്രി ഗോൾ വലയിലെത്തിക്കുകയായിരുന്നു. സംഭവത്തിൽ റഫറി ക്രിസ്റ്റൽ ജോണിന് പിഴവ് പറ്റിയെന്നാണ് ബ്ലാസ്റ്റേഴ്സ് ആരോപിക്കുന്നത്. ബെംഗളുരുവിന്‍റെ ഗോളിലേക്ക് നയിച്ച പിഴവിന് ശേഷം കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് ടീമിനെ കളിയിൽ നിന്ന് തിരിച്ചുവിളിച്ചു. മാച്ച് കമ്മീഷണറുടെയും ഐഎസ്എൽ ഉന്നതരുടെയും ഇടപെടൽ ഉണ്ടായിട്ടും ബ്ലാസ്റ്റേഴ്സ് കളിക്കളത്തിലേക്ക് മടങ്ങാത്തതിനെ തുടർന്ന് ബെംഗളൂരുവിനെ വിജയികളായി പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട് ഫെഡറേഷന് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. ഛേത്രിയുടെ ഗോളിനെ ക്വിക്ക് ഫ്രീക്കിക്ക് ആയി കാണാൻ കഴിയില്ലെന്നും ക്രിസ്റ്റൽ ജോൺ ബ്ലാസ്റ്റേഴ്സ് താരം അഡ്രിയാൻ ലൂണയോട് പിൻമാറാൻ ആവശ്യപ്പെട്ടതിനാൽ ഡിഫൻസീവ് വാൾ ആവശ്യമായിരുന്നെന്നും ബ്ലാസ്റ്റേഴ്സ് പരാതിയിൽ ഉന്നയിക്കുന്നു. ഈ ഗോൾ അനുവദിച്ചത് ഒരു തരത്തിലും സ്വീകാര്യമല്ലെന്നും ബ്ലാസ്റ്റേഴ്സ് അറിയിച്ചു.