ആരാധകര്‍ക്ക് ക്രിസ്മസ് സമ്മാനവുമായി ബ്ലാസ്‌റ്റേഴ്‌സ്; എല്ലാ ടിക്കറ്റിനും 250 രൂപ
കൊച്ചി: 2022 ഡിസംബർ 26 ന് നടക്കുന്ന അടുത്ത ഹോം മത്സരത്തിനുള്ള പ്രത്യേക ടിക്കറ്റ് നിരക്കുകൾ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പ്രഖ്യാപിച്ചു. ഒഡീഷ എഫ്സിക്കെതിരായ മത്സരത്തിന്‍റെ ടിക്കറ്റ് നിരക്ക് എല്ലാ സ്റ്റാൻഡുകൾക്കും 250 രൂപ മാത്രമാണ്. തങ്ങളുടെ ആരാധകർക്കുള്ള ക്രിസ്മസ് സമ്മാനമായാണ് ഈ പരിമിതമായ കാലയളവിലെ ഓഫർ പ്രഖ്യാപിക്കുന്നതെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഔദ്യോഗിക വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. നിലവിൽ 299 രൂപ, 399 രൂപ, 499 രൂപ, 899 രൂപ തുടങ്ങിയ നിരക്കിൽ വിൽക്കുന്ന ടിക്കറ്റുകൾ ആണ് 250 രൂപയ്‌ക്ക് വിൽക്കുക. വിഐപി, വിവിഐപി ഹോസ്പിറ്റാലിറ്റി ടിക്കറ്റുകൾക്ക് ഈ ഇളവ് ബാധകമല്ല. ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായി അഞ്ച് വിജയങ്ങൾ നേടിയ ടീം, തിങ്ങിനിറഞ്ഞ കാണികളുടെ സാന്നിധ്യത്തിൽ സ്വന്തം നാട്ടിൽ തുടർച്ചയായ മൂന്നാം വിജയമാണ് ലക്ഷ്യമിടുന്നത്. 26ന് ഒഡീഷ എഫ്.സിക്കെതിരായ ഹോം മാച്ചിന് ടിക്കറ്റ് മുഴുവൻ വിറ്റുപോകുന്നതുവരെ മാത്രമേ ഡിസ്കൗണ്ട് ലഭിക്കൂ.