'ബ്ലെസ്സിംഗ്‌സ്' ഹ്രസ്വ ചിത്രം പ്രകാശനം ചെയ്തു
ഗര്‍ഭപൂര്‍വ്വ - ഗര്‍ഭസ്ഥ ഭ്രൂണ പരിശോധന ലിംഗ നിര്‍ണയ നിരോധന നിയമത്തിന്റെ അവബോധം പൊതുജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ ഹ്രസ്വ ചിത്രം 'ബ്ലെസ്സിംഗ്‌സിന്റെ' പ്രകാശനം ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ നിര്‍വഹിച്ചു. തൃശൂര്‍ ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഹ്രസ്വ ചിത്രത്തില്‍ പെണ്‍ ഭ്രൂണഹത്യ എന്ന സാമൂഹ്യ തിന്മയ്‌ക്കെതിരെ ശബ്ദമുയര്‍ത്തേണ്ടതിനെ സംബന്ധിച്ച് പറയുന്നു. സ്ത്രീകള്‍ എല്ലാ മേഖലകളിലും അവരുടെ സാന്നിധ്യം അറിയിക്കുന്ന കാലമാണിതെന്ന് ഹ്രസ്വ ചിത്രം പ്രകാശനം ചെയ്ത് ജില്ലാ കലക്ടര്‍ പറഞ്ഞു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരു പോലെ വളര്‍ന്നുവരണമെന്നും കുട്ടിക്കാലം മുതല്‍ അവരില്‍ ഒരു തരത്തിലുമുള്ള വേര്‍തിരിവുകള്‍ ഉണ്ടാക്കരുതെന്നും കലക്ടര്‍ കൂട്ടിചേര്‍ത്തു. വിദ്യാലയ കാലഘട്ടമാണ് ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമെന്ന് പറഞ്ഞ കലക്ടര്‍ പഴയ സ്‌കൂള്‍ അസംബ്ലി ഓര്‍മ്മകളും ചടങ്ങില്‍ പങ്കുവെച്ചു. ആര്‍ ആര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ കലാഭവന്‍ രാജേഷ്, കലാഭവന്‍ രണ്‍ജീവ് എന്നിവരാണ് ഹ്രസ്വ ചിത്രം തയ്യാറാക്കിയത്.
സെന്റ് മേരീസ് കോളേജ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എന്‍ കെ കുട്ടപ്പന്‍, മുന്‍ ഡി എം ഒ ഡോ. കെ ജെ റീന, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.രാഹുല്‍ യു ആര്‍,
പി സി ആന്റ് പി എന്‍ ഡി ടി അഡ്വൈസറി കമ്മിറ്റി ചെയര്‍മാന്‍ ഡോ.രാധ എന്നിവര്‍ മുഖ്യാതിഥികളായി. ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ മീര, ജില്ലാ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ.സതീഷ് കെ എന്‍, ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ.പ്രേമ കുമാര്‍ കെ ടി എന്നിവര്‍ പങ്കെടുത്തു.