മാളയിലെ രണ്ടാമത്തെ ജനകീയ ഹോട്ടലിനെ കൂടുതൽ ജനകീയമാക്കാൻ ബ്ലോക്ക് പഞ്ചായത്തിന്റെ സഹായം
ജനകീയ ഹോട്ടലിലേയ്ക്ക് സഹായ ഉപകരണങ്ങൾ കൈമാറി
തൃശൂർ : മാളയിലെ രണ്ടാമത്തെ ജനകീയ ഹോട്ടലിന്റെ കലവറയുടെ പ്രവർത്തനങ്ങൾ കൂടുതൽ സൗകര്യപ്രദമാക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച ഒരു ലക്ഷം രൂപയിൽ നിന്ന് വാങ്ങിയ സഹായ ഉപകരണങ്ങൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൺ കൈമാറി. സിഡിഎസ് ചെയർപേഴ്സൺ സരോജ വിജയൻ സഹായ ഉപകരണങ്ങൾ ഏറ്റുവാങ്ങി.
ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വർഷത്തെ പ്ലാൻ ഫണ്ടിൽ നിന്ന് ഫ്രിഡ്ജ്, മിക്സി, ഗ്യാസ് സ്റ്റൗ, പാത്രങ്ങൾ എന്നിവയാണ് ജനകീയ ഹോട്ടലിലേക്ക് കൈമാറിയത്. ഈ മാസം നാലിനാണ് കലവറ ജനകീയ ഹോട്ടൽ പ്രവർത്തനം ആരംഭിച്ചത്. ചുരുങ്ങിയ ദിവസങ്ങൾകൊണ്ട് തന്നെ ഇവിടത്തെ ഇരുപത് രൂപ ഊണിന് ആവശ്യക്കാർ ഏറെയാണ്. ചോറ്, സാമ്പാർ, ഉപ്പേരി എന്നിങ്ങനെയാണ് ഇരുപത് രൂപ ഊണിൽ വരുന്ന വിഭവങ്ങൾ. വലിയപറമ്പിലെ ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിലാണ് കലവറ ജനകീയ ഹോട്ടൽ തുറന്നിട്ടുള്ളത്. രാവിലെ ഏഴ് മുതൽ വൈകുന്നേരം ഒൻപത് വരെയാണ് ഹോട്ടലിന്റെ പ്രവർത്തന സമയം.
കുടുംബശ്രീ സിഡിഎസിന്റെ സഹകരണത്തോടെയാണ് ഹോട്ടൽ തുറന്നിട്ടുള്ളത്. അഞ്ചു പേരടങ്ങുന്ന സംഘമാണ് ഹോട്ടലിന്റെ നടത്തിപ്പുക്കാർ. പാഴ്സൽ ഊണിന് ഇരുപത്തഞ്ച് രൂപയാണ് ഈടാക്കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ സി രവി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ എ അഷറഫ്, രേഖ ഷാന്റി ജോസഫ്, വിൻസി ജോഷി, അന്നമനട പഞ്ചായത്ത് പ്രസിഡന്റ് പി വി വിനോദ്, ബി ഡി ഒ ജയ സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.