കക്കി റിസർവോയറിൽ ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചു

പത്തനംതിട്ട: കക്കി റിസർവോയറിൽ ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 973.75 മീറ്ററാണ് നിലവിലെ ജലനിരപ്പ്. ഇതോടെയാണ് കക്കി റിസർവോയറിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചത്. അതേസമയം ചാലക്കുടി പുഴയിലെ ജലനിരപ്പ് 7.27 ആയി തുടരുകയാണെന്ന് റവന്യൂ മന്ത്രി കെ.രാജൻ പറഞ്ഞു. ഇടുക്കിയിലും തെക്കൻ ജില്ലകളിലും മാത്രമാണ് രാത്രിയിൽ കാര്യമായ മഴ ലഭിച്ചത്. മഴ തെക്കൻ കർണാടകയിലേക്ക് നീങ്ങുകയാണ്. എൻ ഡി ആർ എഫിനെ വിന്യസിക്കുമെന്നും മന്ത്രി തൃശൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, പ്രളയത്തെ തുടർന്ന് തിരുവല്ല താലൂക്കിൽ 17 ദുരിതാശ്വാസ ക്യാമ്പുകൾ കൂടി തുറന്നിട്ടുണ്ട്. ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമാണ് പുതിയ ക്യാമ്പുകൾ തുറന്നത്. ഇതോടെ താലൂക്കിലുടനീളം തുറന്ന ക്യാമ്പുകളുടെ എണ്ണം 42 ആയി. 422 കുടുംബങ്ങളിലെ 1,315 പേരെ വിവിധ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ സ്ഥലങ്ങളിൽ ക്യാമ്പുകൾ തുറക്കേണ്ട സാഹചര്യമാണുള്ളതെന്ന് തഹസിൽദാർ പി ജോൺ വർഗീസ് പറഞ്ഞു. കോട്ടയം ജില്ലയിൽ 55 ദുരിതാശ്വാസ ക്യാമ്പുകളാണ് മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ പ്രവർത്തിക്കുന്നത്. 505 കുടുംബങ്ങളിലെ 1,583 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. പ്രളയത്തെ തുടർന്ന് കോട്ടയം, വൈക്കം, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ ഇന്നലെ കൂടുതൽ ക്യാമ്പുകൾ തുറന്നിരുന്നു. മീനച്ചിൽ താലൂക്ക് - 17, കാഞ്ഞിരപ്പള്ളി - 4, കോട്ടയം - 28, ചങ്ങനാശ്ശേരി - 3, വൈക്കം - 3 എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം.

Related Posts