നീലവെളിച്ചം വീണ്ടും സിനിമയാകുന്നു; കാസ്റ്റിങ്ങ് കോളുമായി ആഷിക് അബു
വൈക്കം മുഹമ്മദ് ബഷീറിൻ്റെ നീലവെളിച്ചം എന്ന നോവൽ വീണ്ടും സിനിമയാകുന്നു. ആഷിക് അബുവാണ് സംവിധാനം. 1964-ൽ പുറത്തിറങ്ങിയ ഭാർഗവി നിലയം ഇതേ നോവലിനെ ആസ്പദമാക്കിയാണ് നിർമിച്ചത്. എ വിൻസൻ്റ് ആണ് ചിത്രം സംവിധാനം ചെയ്തത്. മധു, നസീർ, വിജയ നിർമല തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
ഏറെക്കാലമായുള്ള ആഗ്രഹമാണ് നീലവെളിച്ചം സിനിമയാക്കുന്നതിലൂടെ സഫലമാകുന്നതെന്ന് ആഷിക് അബു പറഞ്ഞു. പൃഥ്വിരാജ് നായകനാവുന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടി ആഷിക് അബു തൻ്റെ സോഷ്യൽ മീഡിയാ പേജുകളിൽ കാസ്റ്റിങ്ങ് കോൾ നൽകിയിട്ടുണ്ട്.
ആഷിക് അബുവിൻ്റെ സോഷ്യൽ മീഡിയാ പോസ്റ്റ് അതേ രൂപത്തിൽ താഴെ:
പ്രിയരെ,
1964 ലെ ഒരു കേരളീയഗ്രാമത്തിലെ ലളിതസുന്ദരമായ ഒരു ഹോട്ടലിലേക്ക് ഒരു സ്റ്റൈലൻ ഹോട്ടൽ മാനേജറേയും, ചായയടിക്കുന്ന ഒരു വമ്പനേയും ഹോട്ടലിലെ പണികളെടുക്കാനായി രണ്ടു പയ്യന്മാരെയും ആവശ്യമുണ്ട്.
ഇതു കൂടാതെ, ഇതേ ഗ്രാമത്തിലേക്ക് റിക്ഷാ വലിക്കാരായി രണ്ടു പേരെയും, നാട്ടിലെ സാമാന്യം വലിയ ഒരു വീട്ടിലേക്ക് ഒരു വേലക്കാരിയേയും, നാട്ടിലെ ഏക ബാങ്കിലേക്ക് ഒരു ഏ ക്ലാസ് ക്ലാർക്കിനെയും സമീപത്തെ കോളേജിൽ അവസാനവർഷ വിദ്യാർത്ഥിനികളായ രണ്ടു പെൺകുട്ടികളേയും വേണം. ഇവരെല്ലാവരും നല്ല അഭിനേതാക്കളും പ്രത്യേകിച്ച് നാടക പരിശീലനം ലഭിച്ചിട്ടുള്ളവരുമായാൽ ബഹു കേമം.
ഹോട്ടൽ മാനേജർ, 50 വയസ്സ്
ചായയടിക്കുന്ന വമ്പൻ, 35 വയസ്സ്
ഹോട്ടലിലെ പയ്യന്മാർ, 18-25 വയസ്സ്
വീട്ടുവേലക്കാരി, 30 വയസ്സ്
കോളേജ് വിദ്യാർത്ഥിനികൾ, 28-35 വയസ്സ്
ബാങ്ക് ക്ലാർക്ക്, 28-35 വയസ്സ്
മേല്പറഞ്ഞ തസ്തികളിൽ അഭിനയിച്ചു തകർക്കാൻ തല്പരരായ പളുങ്കൂസന്മാരും പളുങ്കൂസത്തികളും (അഭിനയ) പ്രവർത്തിപരിചയം വെളിപ്പെടുത്താൻ സഹായിക്കുന്ന സംഗതികൾ ചേർത്ത്, ഇതോടൊപ്പമുള്ള അപേക്ഷാ ഫോറം പൂരിപ്പിച്ച് അയക്കണമെന്ന് തെര്യപ്പെടുത്തുന്നു.
സ്നേഹോപചാരങ്ങളോടെ,
സംവിധായകൻ.
നീലവെളിച്ചം.