ഒറ്റ ടച്ചിൽ നിറം മാറുന്ന കാർ അവതരിപ്പിക്കാൻ ഒരുങ്ങി ബിഎംഡബ്ല്യു

ഓടിക്കൊണ്ടിരിക്കേ, കറുത്ത നിറമുള്ള കാർ വെളളയായാൽ അഥവാ നീല നിറത്തിലുള്ള കാർ ചുവപ്പായാൽ എങ്ങിനെയിരിക്കും? അടിപൊളിയാവില്ലേ, 2022-ലെ കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിൽ ബിഎംഡബ്ല്യു അത്തരം ഒരു സാങ്കേതിക വിദ്യ അവതരിപ്പിക്കാൻ ഒരുങ്ങുകയാണെന്ന് റിപ്പോർട്ടുകൾ.
പുതിയ ഐ എക്സ് എം60 ഇലക്ട്രിക് എസ്‌യുവി അവതരിപ്പിക്കുന്നതിനു പുറമേ, ഒറ്റ ടച്ചിൽ വാഹനത്തിന്റെ പുറം നിറം മാറ്റാൻ സഹായിക്കുന്ന പുതിയ സാങ്കേതികവിദ്യയും അടുത്ത വർഷത്തെ ഷോയിൽ ബിഎംഡബ്ല്യു കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏത് വാഹനത്തിലാണ് ഈ സാങ്കേതികവിദ്യ ഉൾപ്പെടുത്താൻ പോകുന്നതെന്നോ, എത്ര നിറങ്ങൾ മാറ്റാൻ കഴിയുമെന്നോ ബിഎംഡബ്ല്യു ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഒരു ബട്ടണിലെ ഒറ്റ സ്പർശനത്തിലൂടെ വാഹനത്തിന്റെ പുറം നിറം മാറ്റാൻ കഴിയുന്ന പുതുപുത്തൻ സാങ്കേതികവിദ്യയാണ് അടുത്ത വർഷം നടക്കാനിരിക്കുന്ന കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയുടെ പ്രധാന ആകർഷണീയത.