ഒടിടി പ്ലാറ്റ്ഫോമുകൾ മാലിന്യക്കൂമ്പാരമായി മാറിയെന്ന് ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ദിഖി

ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ്, ഡിസ്നി ഹോട്ട്സ്റ്റാർ പോലുള്ള ഒടിടി പ്ലാറ്റ്ഫോമുകളിൽ അഭിനയിക്കാനുള്ള താത്പര്യം നഷ്ടമായെന്ന് പ്രശസ്ത ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ദിഖി. ആവർത്തന വിരസമായ പ്രമേയങ്ങൾ കൊണ്ടുവന്ന് തള്ളാനുള്ള മാലിന്യക്കൂമ്പാരമായി സ്ട്രീമിങ്ങ് പ്ലാറ്റ്ഫോമുകൾ മാറി. ക്വാണ്ടിറ്റി ക്വാളിറ്റിയെ കൊന്നുകളയാൻ തുടങ്ങിയിരിക്കുന്നു. കാണാൻ ഒട്ടും ആഗ്രഹം തോന്നിപ്പിക്കാത്ത ഷോകളാണ് ഒടിടിയിൽ പ്രദർശിപ്പിക്കുന്നത്. കൂടുതലായി ഒന്നുംതന്നെ പറയാനില്ലെങ്കിലും സ്വീക്വലുകൾ പടച്ചുവിടുകയാണ്. വലിയ നിർമാണ കമ്പനികളുടെയും വമ്പൻ താരങ്ങളുടെയും റാക്കറ്റാണ് ഒടിടിയെ ഭരിക്കുന്നതെന്ന് നടൻ ആരോപിച്ചു. ഡിജിറ്റൽ മാധ്യമത്തിൽ ജോലി ചെയ്തു തുടങ്ങിയ കാലത്ത് ഉണ്ടായിരുന്ന ആവേശം ഇപ്പോൾ അനുഭവപ്പെടുന്നില്ല.

ഇന്ത്യയിൽ ഒടിടി പ്ലാറ്റ്ഫോമുകളുടെ തുടക്കത്തിൽത്തന്നെ കടന്നുവന്നവരിൽ പ്രമുഖനാണ് നവാസുദ്ദീൻ സിദ്ദിഖി. മികച്ച അഭിനേതാവ് എന്ന നിലയിൽ അന്താരാഷ്ട്ര തലത്തിൽത്തന്നെ ശ്രദ്ധേയനായ അപൂർവം ഇന്ത്യൻ നടന്മാരിലൊരാളാണ് അദ്ദേഹം. നെറ്റ്ഫ്ലിക്സിൻ്റെ 'സേക്രഡ് ഗെയിംസ് ' ഉൾപ്പെടെ നിരവധി സീരീസുകളിൽ സിദ്ദിഖി അഭിനയിച്ചിട്ടുണ്ട്. ലോക പ്രശസ്ത ബ്രസീലിയൻ എഴുത്തുകാരൻ പൗലോ കൊയ്ല ഉൾപ്പെടെയുള്ളവർ സേക്രഡ് ഗെയിംസിലെ നടൻ്റെ അഭിനയത്തെ ഗംഭീരമെന്ന് വിശേഷിപ്പിച്ചിരുന്നു. താഴ്ന്ന സാഹചര്യങ്ങളിൽനിന്ന് കടന്നുവന്ന് ബോളിവുഡിൻ്റെ ഉയരങ്ങൾ കീഴടക്കിയ നടനാണ് സിദ്ദിഖി. 'ബ്ലാക്ക് ഫ്രൈഡേ', 'രമൺ രാഘവ് 2.0', 'ഗാങ്സ് ഓഫ് വാസിപ്പൂർ', 'ലഞ്ച് ബോക്സ് ', 'പീപ് ലി ലൈവ് ', 'മിസ് ലവ് ലി', 'ഭജ്രംഗി ബൈജാൻ', 'മാഞ്ജി-ദി മൗണ്ടൻ മാൻ', 'മാൻ്റോ' തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.

Related Posts