ബോളിവുഡ് നടി സോനം കപൂറിൻ്റെ വീട്ടിൽ വൻ കവർച്ച; 1.41 കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങളും പണവും കവർന്നു
ബോളിവുഡ് താരം സോനം കപൂറിൻ്റെയും വ്യവസായിയായ ആനന്ദ് അഹൂജയുടെയും ന്യൂഡൽഹിയിലെ വസതിയിൽ വൻ കവർച്ച.1.41 കോടി രൂപ വിലമതിക്കുന്ന പണവും ആഭരണങ്ങളുമാണ് മോഷ്ടാക്കൾ കൊണ്ടുപോയത്. രണ്ട് മാസം മുമ്പ് നടന്ന കവർച്ചയെപ്പറ്റി ഇപ്പോഴാണ് വാർത്തകൾ പുറത്തു വരുന്നത്.
റിപ്പോർട്ടുകൾ പ്രകാരം ആനന്ദിൻ്റെ അമ്മയാണ് വീട്ടിൽ നടന്ന കവർച്ചയെക്കുറിച്ച് പരാതി നൽകാൻ തുഗ്ലക്ക് റോഡ് പൊലീസ് സ്റ്റേഷനിലേക്ക് എത്തിയത്. വിശദമായ അന്വേഷണത്തിന് ഡൽഹി പൊലീസ് ഉത്തരവിട്ടിട്ടുണ്ട്. പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
സോനത്തിന്റെയും ആനന്ദിന്റെയും ജീവനക്കാരെ ചോദ്യം ചെയ്തുവരികയാണ്. കെയർടേക്കർമാർ, ഡ്രൈവർമാർ, ഗാർഡനർമാർ, മറ്റ് തൊഴിലാളികൾ ഉൾപ്പെടെ 25 ജീവനക്കാരെ ഡൽഹി പോലീസ് ചോദ്യം ചെയ്യുന്നതായി റിപ്പോർട്ടിൽ പറയുന്നു. അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
അമൃത ഷെർഗിൾ മാർഗിലുള്ള വസതിയിൽ ആനന്ദിൻ്റെ മാതാപിതാക്കളായ ഹരീഷ് അഹൂജയും പ്രിയ അഹൂജയും മുത്തശ്ശി സരള അഹൂജയുമാണ് താമസിക്കുന്നത്. ഫെബ്രുവരി 11-ന് അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും പരിശോധിച്ചപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞതെന്ന് സരള അഹൂജ പരാതിയിൽ പറയുന്നു. ഫെബ്രുവരി 23- നാണ് പരാതി നൽകിയത്. 2 വർഷം മുമ്പാണ് താൻ അവസാനമായി ആഭരണങ്ങൾ പരിശോധിച്ചതെന്ന് അവർ പൊലീസിനെ അറിയിച്ചു.
സോനവും ആനന്ദും മുംബൈയിലാണ് ഉള്ളത്. ആദ്യ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുന്ന സോനം ഇപ്പോൾ അച്ഛൻ അനിൽ കപൂറിന്റെ വീട്ടിലാണ്.