'രംഗീല' യിലെ അഭിനയം കണ്ടയുടനെ ഒരു ആരാധികയെപ്പോലെ ആമിറിന് ഞാൻ കത്തെഴുതി; ഊർമിളയുടെ വെളിപ്പെടുത്തൽ
ആമിർഖാൻ്റെ അഭിനയ ചാരുതയെ വാഴ്ത്തി വർഷങ്ങൾക്കുശേഷം അഭിനേത്രി ഊർമിള മഡോദ്കറിൻ്റെ വെളിപ്പെടുത്തൽ. കാൽ നൂറ്റാണ്ടു മുമ്പ് പുറത്തിറങ്ങിയ രംഗീല എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൻ്റെ ഡബ്ബിങ്ങ് സമയത്ത് ആമിറിൻ്റെ അഭിനയമികവ് കണ്ട് ഒരു ആരാധികയെപ്പോലെ താൻ ത്രില്ലടിച്ചു പോയതിനെ പറ്റിയാണ് രംഗീലയിലെ നായിക കൂടിയായിരുന്ന ഊർമിള വാചാലയായത്.
കളേഴ്സ് ടി വി യിൽ പ്രക്ഷേപണം ചെയ്യുന്ന 'ഡാൻസ് ദീവാനേ' എന്ന റിയാലിറ്റി പ്രോഗ്രാമിൻ്റെ വേദിയിൽ വെച്ചാണ് രംഗീലയിലൂടെ ബോളിവുഡിൽ തരംഗങ്ങൾ തീർത്ത അഭിനേത്രിയുടെ മനസ്സ് തുറക്കൽ. "വളരെ കുറച്ചു പേർക്കു മാത്രമേ ഈ രഹസ്യം അറിയൂ" എന്ന മുഖവുരയോടെയാണ് അവർ തൻ്റെ 'ഫാൻ ലെറ്റർ സീക്രട്ട് ' പുറത്തെടുത്തത്.
രംഗീലയ്ക്കുവേണ്ടി ഡബ്ബ് ചെയ്തു കൊണ്ടിരിക്കുമ്പോൾ ആമിറിൻ്റെ അഭിനയം കണ്ട് താൻ കോരിത്തരിച്ചു പോയി. അന്നു തന്നെ അദ്ദേഹത്തിന് ഒരു ആരാധികയെപ്പോലെ കത്തെഴുതി. ഈ ചിത്രം പുറത്തിറങ്ങിയാൽ ആരാധകരുടെ ഒട്ടേറെ കത്തുകൾ അങ്ങേക്ക് ലഭിക്കും. അർഹതയ്ക്കുള്ള അംഗീകാരമായി അനവധി പുരസ്കാരങ്ങളും കിട്ടും. എന്നാൽ അങ്ങേക്ക് കിട്ടുന്ന ആദ്യത്തെ ഫാൻ ലെറ്റർ ഇതാവും- കാൽനൂറ്റാണ്ടു മുമ്പത്തെ കത്തെഴുത്ത് ഓർത്തെടുത്ത് ഊർമിള പറഞ്ഞു. ഹർഷാരവത്തോടെയാണ് നടിയുടെ വാക്കുകൾ സ്വീകരിക്കപ്പെട്ടത്.
1977-ൽ 'കാം' എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ ബാലതാരമായി അഭിനയ രംഗത്തെത്തിയ ഊർമിള 1989-ൽ ടി കെ രാജീവ് കുമാർ സംവിധാനം ചെയ്ത 'ചാണക്യൻ' എന്ന മലയാള ചിത്രത്തിലൂടെയാണ് നായികയായി രംഗപ്രവേശം ചെയ്യുന്നത്.