'തലൈവി'ക്കു ശേഷം സീതയായി കങ്കണ റണൗത്.

തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറഞ്ഞ 'തലൈവി' എന്ന ചിത്രത്തിനു ശേഷം ഇതിഹാസ കഥാപാത്രമായ സീതയായി ബോളിവുഡ് താരം കങ്കണ റണൗത്. ഹിന്ദി, കന്നട, മലയാളം, തമിഴ്, തെലുഗ് ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രത്തിൻ്റെ സംവിധായകൻ അലൗകിക് ദേശായിയാണ്. പ്രശസ്ത തിരക്കഥാ കൃത്ത് കെ വി വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത്.
നാല് തവണ ദേശീയ അവാർഡ് കരസ്ഥമാക്കിയ കങ്കണയാണ് സീതാദേവിയുടെ വേഷത്തിലെത്തുന്നത് എന്നത് ആഹ്ലാദകരമായ കാര്യമാണെന്ന് സംവിധായകൻ അലൗകിക് ദേശായി പറഞ്ഞു. തൻ്റെ സ്വപ്ന പദ്ധതിയാണ് ഈ സിനിമ. ഇതേവരെ ഒരു മരീചികയായി തോന്നിയ കാര്യമാണ് യാഥാർഥ്യമാവുന്നത്. മിത്തോളജിയെ നാം നോക്കിക്കാണുന്ന രീതിക്കുതന്നെ സിനിമ മാറ്റം കൊണ്ടുവരും.
കരീന കപൂറാണ് സീതയുടെ വേഷം ചെയ്യുന്നതെന്ന് നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സീതയായി അഭിനയിക്കാൻ കനത്ത പ്രതിഫലമാണ് കരീന ആവശ്യപ്പെട്ടതെന്നും നിർമാതാക്കൾക്ക് താങ്ങാനാവാത്ത പ്രതിഫലമായിരുന്നു അതെന്നും ഊഹാപോഹങ്ങൾ ഉയർന്നിരുന്നു.
ദാക്കഡ്, തേജസ് എന്നിവയാണ് കങ്കണയുടേതായി പുറത്തിറങ്ങാനിരിക്കുന്ന മറ്റു ചിത്രങ്ങൾ.