സഞ്ജയ്ദത്ത് മുതൽ ആര്യൻഖാൻ വരെ, ബോളിവുഡിലെ അധോലോകത്തെ കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

കോർഡെലിയ ആഡംബര കപ്പലിൽ നടന്ന മയക്കുമരുന്ന് വേട്ടയ്ക്കിടയിൽ ബോളിവുഡിലെ താരരാജാവ് ഷാരൂഖ്ഖാൻ്റെ മകൻ ആര്യൻഖാൻ അടക്കം അറസ്റ്റിലായതോടെ മുംബൈ സിനിമാ ലോകത്തെ അധോലോകത്തിൻ്റെ ഞെട്ടിപ്പിക്കുന്ന കഥകൾ വീണ്ടും സജീവ ചർച്ചയാവുകയാണ്. ശനിയാഴ്ച രാത്രി മുംബൈയിൽനിന്ന് ഗോവയിലേക്ക് തിരിച്ച ആഡംബര കപ്പലിലാണ് നർക്കോട്ടിക് കൺട്രോൾ ബ്യൂറോ റെയ്ഡ് നടത്തിയതും സൂപ്പർ താരത്തിൻ്റെ മകനടക്കം പിടിയിലാവുന്നതും.

മയക്കുമരുന്നും ഗുണ്ടാ മാഫിയയും പൊളിറ്റിക്കൽ ക്രിമിനലിസവും ഉൾപ്പെടെ അധോലോകവുമായി ബോളിവുഡിനുള്ള അവിശുദ്ധ ബന്ധങ്ങൾ എല്ലാ കാലത്തും ചൂടുള്ള ചർച്ചാ വിഷയമാണ്. മയക്കുമരുന്ന് മാഫിയയുമായി ചലച്ചിത്ര പ്രവർത്തകർക്കുള്ള വഴിവിട്ട ബന്ധങ്ങളെപ്പറ്റി ഒട്ടേറെ വിവാദങ്ങളും വെളിപ്പെടുത്തലുകളും ഉണ്ടായിട്ടുണ്ട്. സുശാന്ത്സിങ്ങ് രജ്പുതിൻ്റെ ദുരൂഹമായ മരണത്തെ തുടർന്നുള്ള കോലാഹലങ്ങൾ മുംബൈ സിനിമാ ലോകത്തെ പിടിച്ചുലച്ചിരുന്നു. വെള്ളിത്തിരയുടെ തിളക്കത്തിൽ ജ്വലിച്ചു നിന്നിരുന്ന യുവതാരം ദുരൂഹമായ സാഹചര്യത്തിൽ ബാന്ദ്രയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടതോടെ സിനിമാ മേഖലയിലെ വഴിവിട്ട ബന്ധങ്ങൾ ചൂടുള്ള ചർച്ചയായി. സുശാന്ത് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി അടുത്ത സുഹൃത്തും അഭിനേത്രിയുമായ റിയ ചക്രവർത്തി മൊഴി നല്കിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്.

WhatsApp Image 2021-10-04 at 10.35.12 AM (1).jpeg

മുംബൈയിലെ വസതിയിൽനിന്ന് ലഹരി വസ്തുക്കൾ പിടിച്ചെടുത്തതോടെ നടൻ അർമാൻ കോലി അറസ്റ്റിലായത് കഴിഞ്ഞ ആഗസ്റ്റിലാണ്. 'ജാനി ദുശ്മൻ', 'പ്രേം രത്തൻ ദാൻ പായോ' തുടങ്ങിയ ചിത്രങ്ങളിലൂടെയും ബിഗ് ബോസിലൂടെയും ശ്രദ്ധിക്കപ്പെട്ട താരമാണ് അർമാൻ കോലി.

സൂപ്പർ താരം സഞ്ജയ്ദത്താണ് ഒരു കാലത്ത് ബോളിവുഡിലെ ലഹരിമരുന്ന് ഉൾപ്പെടെയുള്ള അധോലോക കഥകളിൽ നിറഞ്ഞുനിന്നിരുന്ന 'ഖൽനായക് '. താൻ മയക്കുമരുന്നിന് പൂർണമായും അടിമയായിരുന്നു എന്ന താരത്തിൻ്റെ വെളിപ്പെടുത്തൽ ദേശീയ തലത്തിൽ മാത്രമല്ല അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട വാർത്തയായിരുന്നു. അധോലോകവുമായുള്ള താരത്തിൻ്റെ അടുത്ത ബന്ധങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ടു. നീണ്ട ഒമ്പത് വർഷത്തോളം താൻ ലഹരി വസ്തുക്കളുടെ മാരകമായ പിടിയിലായിരുന്നു എന്ന് സഞ്ജയ്ദത്ത് തന്നെയാണ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ഒമ്പത് വർഷത്തെ നരകജീവിതം എന്ന സഞ്ജയ്ദത്തിൻ്റെ കുറ്റസമ്മതവും മാനസാന്തരവും അക്കാലത്ത് മാധ്യമങ്ങളിലെ കൂറ്റൻ തലക്കെട്ടുകളായിരുന്നു.

WhatsApp Image 2021-10-04 at 10.35.13 AM.jpeg

'ഫിദ', 'നോ എൻട്രി', 'ഹേ ബേബി' തുടങ്ങിയ ചിത്രങ്ങളിലൂടെ വെള്ളിത്തിരയിലെ താരോദയമായി ഒരുകാലത്ത് കൊണ്ടാടപ്പെട്ട നടനായിരുന്നു ഫർദീൻ ഖാൻ. മുതിർന്ന അഭിനേതാവ് ഫിറോസ് ഖാൻ്റെ മകൻ കൂടിയായ ഫർദീൻ്റെ സിനിമാ സ്വപ്നങ്ങൾ പൊലിഞ്ഞു പോയത് കോളിളക്കം സൃഷ്ടിച്ച മയക്കുമരുന്ന് വിവാദത്തോടെയാണ്. കൊക്കയ്ൻ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ കൈവശംവെച്ച കുറ്റത്തിന് 2001 ൽ നടന്ന ഫർദീൻ്റെ അറസ്റ്റ് അക്കാലത്തെ വലിയ വാർത്തയായിരുന്നു. 11 വർഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം സിനിമയിലേക്കുള്ള തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഫർദീൻ. സഞ്ജയ്ദത്ത്, റിതീഷ് ദേശ്മുഖ് എന്നിവർക്കൊപ്പം 'റോക്ക് പേപ്പർ സിസേഴ്സ് ' എന്ന വെനിസ്വേലൻ ചിത്രത്തിൻ്റെ ഹിന്ദി പതിപ്പായ 'വിസ്ഫോട് ' എന്ന ചിത്രത്തിലൂടെയാണ് ഫർദീൻ ഒരു തിരിച്ചുവരവിന് തയ്യാറെടുക്കുന്നത്.

തൊണ്ണൂറുകളിൽ മുംബൈ സിനിമാ ലോകത്ത് നിറഞ്ഞുനിന്നിരുന്ന അഭിനേത്രിയായിരുന്നു മമ്ത കുൽക്കർണി. വൻ മയക്കുമരുന്ന് റാക്കറ്റിൽ കണ്ണിയായിരുന്നു മമ്ത എന്ന ഞെട്ടിക്കുന്ന വാർത്ത പുറത്തുവന്നത് 2018 ലാണ്. 2000 കോടി രൂപയുടെ മയക്കുമരുന്നു കടത്തു കേസിലാണ് താരം പിടിക്കപ്പെട്ടത്. കഞ്ചാവ് കേസിൽ നർക്കോട്ടിക് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്ത ഭാരതി സിങ്ങിനെയും ഭർത്താവ് ഹർഷ് ലിംബാച്ചിയയെയും ചുറ്റിപ്പറ്റിയുള്ള അധോലോക കഥകൾ ആഴ്ചകളോളമാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

WhatsApp Image 2021-10-04 at 10.35.11 AM.jpeg

സുശാന്ത് സിങ്ങിൻ്റെ മരണത്തെ തുടർന്ന് ലഹരിമരുന്ന് വിവാദങ്ങളുടെ കുത്തൊഴുക്കിനാണ് സിനിമാ മേഖല അപ്പാടെ സാക്ഷ്യം വഹിച്ചത്. ഇരുപത്തിയഞ്ചോളം ബോളിവുഡ് സെലിബ്രിറ്റികളാണ് വിവാദങ്ങളിൽ ഇടം പിടിച്ചത്. ദീപിക പദുകോൺ, സാറ അലി ഖാൻ, രാഹുൽ പ്രീത് സിങ്ങ്, ശ്രദ്ധ കപൂർ ഉൾപ്പെടെയുള്ള വമ്പൻ സ്രാവുകൾ വിവാദച്ചുഴിയിൽ കറങ്ങിത്തിരിഞ്ഞു. താരങ്ങൾക്ക് ലഹരി മരുന്നുകൾ എത്തിക്കുന്ന റാക്കറ്റിൽ കണ്ണികളായിരുന്നു സഹോദരൻ ഷോയിക്കും താനുമെന്നാണ് റിയ വെളിപ്പെടുത്തിയത്.

2019 ൽ സംവിധായകൻ കരൺ ജോഹർ സുഹൃത്തുക്കൾക്കായി നടത്തിയ പാർട്ടിയിൽ എൽഎസ്ഡി യും മരിജുവാനയും ഹെറോയിനും ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ ഉപയോഗിച്ചെന്ന ആരോപണങ്ങൾ അക്ഷരാർഥത്തിൽ ബോളിവുഡിനെ പിടിച്ചു കുലുക്കുന്നതായിരുന്നു. സോഷ്യൽ മീഡിയയിലൂടെ കരൺ ജോഹർ തന്നെ ഷെയർ ചെയ്ത വീഡിയോയാണ് ആരോപണങ്ങളുടെ ശ്രദ്ധാകേന്ദ്രമായത്. രൺബീർ കപൂർ, വിക്കി കൗശൽ, ദീപിക പദുകോൺ ഉൾപ്പെടെയുള്ള താരങ്ങളായിരുന്നു വീഡിയോയിൽ.

WhatsApp Image 2021-10-04 at 10.35.08 AM.jpeg

എന്തായാലും, ആഡംബരക്കപ്പലിലെ വൻ മയക്കുമരുന്ന് വേട്ട ഒരിക്കൽക്കൂടി മുംബൈ സിനിമാ ലോകത്തെ പിടിച്ചു കുലുക്കുകയാണ്. സൂപ്പർ താരത്തിൻ്റെ മകൻ സിനിമയിലേക്ക് രംഗപ്രവേശം ചെയ്യുന്ന വാർത്തയ്ക്കായി കാതോർത്തിരുന്നവരിലേക്കാണ് മയക്കുമരുന്ന് കേസിൽ അയാൾ അറസ്റ്റിലായെന്ന ഞെട്ടിക്കുന്ന വിവരം ഇടിത്തീ പോലെ വന്നുപതിച്ചിരിക്കുന്നത്. ഷാരൂഖ്ഖാനും ഇൻ്റീരിയർ ഡിസൈൻ രംഗത്തെ വമ്പൻ സംരംഭത്തിന് ഉടമയുമായ ഭാര്യ ഗൗരി ഖാനും രണ്ട് മക്കളാണ്. മകൾ സുഹാനയ്ക്ക് അഭിനയവും ആര്യന് സംവിധാനവുമാണ് പ്രിയമെന്ന് ഷാരൂഖ് ഒരിക്കൽ അഭിപ്രായപ്പെട്ടിരുന്നു.

Related Posts