ഹോട്ടലിൽ ബോംബ് ഭീഷണി; 2 പേർ പിടിയിൽ
മുംബൈ: മഹാരാഷ്ട്രയിലെ പഞ്ചനക്ഷത്ര ഹോട്ടൽ തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ രണ്ട് പേരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ വൽസാദ് ജില്ലയിലെ വാപി സ്വദേശികളായ വിക്രം സിംഗ്, ഇഷു സിംഗ് എന്നിവരാണ് അറസ്റ്റിലായത്. മുംബൈയിലെ അന്ധേരിയിലെ 'ലളിത്' ആഡംബര ഹോട്ടലാണ് ഭീഷണി നേരിട്ടത്. ഒരാൾ ഹോട്ടലിലെ റിസപ്ഷനിൽ വിളിച്ച് അഞ്ച് കോടി രൂപ നൽകാൻ ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ ബോംബ് ഉപയോഗിച്ച് വസ്തുവകകൾ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. കോളിന് ശേഷം ജീവനക്കാർ ഹോട്ടലിൽ പരിശോധന നടത്തുകയും മുംബൈയിലെ സഹാർ പൊലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്യുകയും ചെയ്തു. അജ്ഞാത കോളർക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. തുടർന്നുളള അന്വേഷണത്തിൽ വിക്രം സിംഗ് തന്‍റെ മൊബൈൽ ഫോണിൽ നിന്ന് വിളിച്ച് ഭീഷണിപ്പെടുത്തിയതായി കണ്ടെത്തി. മൊബൈൽ ഫോൺ കണ്ടെടുത്തതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. വിക്രം സിംഗ് മുമ്പ് ഹിന്ദി സിനിമാ വ്യവസായത്തിൽ സ്പോട്ട് ബോയ് ആയി പ്രവർത്തിച്ചിട്ടുണ്ടെന്നും ചില ജോലികൾക്കായി ഹോട്ടലിൽ താമസിച്ചിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഓൺലൈൻ വഴിയാണ് ഹോട്ടലിന്റെ ഫോൺ നമ്പർ വിക്രം സിംഗിന് ലഭിച്ചത്. കോളിനിടെ ഹോട്ടലിൽ നാല് സ്ഥലങ്ങളിൽ ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും, മാനേജ്‌മെന്റ് തനിക്ക് അഞ്ച് കോടി രൂപ നൽകിയാൽ മാത്രമെ അവ നിർവീര്യമാക്കുയുള്ളുവെന്നും വിക്രം സിംഗ് പറഞ്ഞയായി അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.