തെളിവില്ലാതെ ഭർത്താവിനെ സ്ത്രീലമ്പടനെന്ന് അധിക്ഷേപിക്കുന്നത് ക്രൂരതയാണെന്ന് ബോംബെ ഹൈക്കോടതി
മുംബൈ: മതിയായ തെളിവുകളില്ലാതെ ഭർത്താവിനെ അപകീർത്തിപ്പെടുത്തുകയും മദ്യപാനിയെന്നും സ്ത്രീലമ്പടനെന്നും അപമാനിക്കുകയും ചെയ്യുന്നത് ക്രൂരതയാണെന്ന് ബോംബെ ഹൈക്കോടതി. പൂനെയിലെ ദമ്പതികളുടെ വിവാഹം റദ്ദാക്കിയ കുടുംബക്കോടതിയുടെ ഉത്തരവ് ശരിവച്ചാണ് ബോംബെ ഹൈക്കോടതിയുടെ വിധി. ജസ്റ്റിസുമാരായ നിതിൻ ജാംദാർ, ശർമിള ദേശ്മുഖ് എന്നിവരടങ്ങിയ ബെഞ്ചാണ് ഒക്ടോബർ 12ന് വിധി പ്രസ്താവിച്ചത്. വിരമിച്ച സൈനിക ഉദ്യോഗസ്ഥനിൽ നിന്ന് നൽകിയ വിവാഹമോചനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് 50 കാരിയായ യുവതിയാണ് അപ്പീൽ നൽകിയത്. ഹിയറിംഗിനിടെ, ഭർത്താവായിരുന്ന പുരുഷൻ മരിച്ചു. പിന്നീട് അനന്തരാവകാശിയായി ഇയാൾ നിയമിച്ചയാളെയാണ് പരാതിയിൽ കോടതി വിളിപ്പിച്ചത്. ഭർത്താവിനെതിരെ മോശം വാക്കുകൾ ഉപയോഗിച്ച് സമൂഹത്തിന് മുന്നിൽ അദ്ദേഹത്തിന്റെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കിയ സ്ത്രീ ചെയ്തത് ക്രൂരതയുടെ വിഭാഗത്തിൽ പെടുമെന്നും കോടതി നിരീക്ഷിച്ചു. ഇവരുടെ ആരോപണങ്ങൾ ഭർത്താവിന് മാനസിക വിഷമമുണ്ടാക്കിയെന്ന് അഭിഭാഷകൻ ആരോപിച്ചു.