കോവിഷീല്‍ഡിന് ബൂസ്റ്റര്‍ ഡോസ്; അനുമതി തേടി സെറം ഇൻസ്റ്റിറ്റ്യൂട്ട്
ന്യൂഡല്‍ഹി: കൊവിഡിന് എതിരെ കോവിഷീല്‍ഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിന് ഡ്രഗ്‌സ് റഗുലേറ്ററുടെ അനുമതി തേടി നിര്‍മാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട്. കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപകമാവുന്ന പശ്ചാത്തലത്തിലാണ് നടപടി. ഇന്ത്യയില്‍ ബൂസ്റ്റര്‍ ഡോസിന് അനുമതി തേടുന്ന ആദ്യ കമ്പനിയാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട്.
ബൂസ്റ്റര്‍ ഡോസ് നല്‍കുന്ന കാര്യത്തില്‍ ഇന്ത്യ നയപരമായ തീരുമാനം എടുത്തിട്ടില്ല. ഇക്കാര്യത്തില്‍ ശാസ്ത്രീയ തെളിവുകള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചത്. രോഗപ്രതിരോധത്തിനുള്ള ദേശീയ സാങ്കേതിക ഉപദേശക സംഘവും കൊവിഡ് വിദഗ്ധ സമിതിയുമാണ് പരിശോധന നടത്തുക.
ഒമിക്രോണ്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ബൂസ്റ്റര്‍ ഡോസ് പരിഗണിക്കണമെന്ന് വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാജസ്ഥാന്‍, ചത്തിസ്ഗഢ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളാണ് ആവശ്യം മുന്നോട്ടുവച്ചിട്ടുള്ളത്. ബൂസ്റ്റര്‍ ഡോസ് പരിഗണിക്കണമെന്ന നിലപാടിലാണ് കേരളവും.