18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും ബൂസ്റ്റർ ഡോസ് ഞായറാഴ്ച മുതൽ; 60 വയസ്സിന് മുകളിലുള്ളവർക്ക് മാത്രം സൗജന്യം
കോവിഡ് വൈറസിന് എതിരെയുള്ള ബൂസ്റ്റർ ഡോസ് 18 വയസ്സോ അതിന് മുകളിലോ പ്രായമുള്ള എല്ലാ മുതിർന്നവർക്കും ലഭ്യമാക്കുമെന്ന് കേന്ദ്ര സർക്കാർ. ഞായറാഴ്ച മുതൽ ഇതിനുള്ള സൗകര്യം സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങളിൽ ലഭ്യമാക്കും. 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് മാത്രമാണ് സൗജന്യമായി ബൂസ്റ്റർ ഡോസ് നൽകുന്നത്. അല്ലാത്തവർ പണം നൽകി ബൂസ്റ്റർ ഡോസ് എടുക്കണം.
ആരോഗ്യ പ്രവർത്തകർ, മുൻനിര പ്രതിരോധ പ്രവർത്തകർ, 60 വയസ്സിന് മുകളിലുള്ളവർ എന്നിവർക്കായി നേരത്തേ പ്രഖ്യാപിച്ച ബൂസ്റ്റർ ഡോസിൽ നിന്ന് വ്യത്യസ്തമായി, മൂന്നാമത്തെ ഡോസ് എല്ലാവർക്കും സൗജന്യമായിരിക്കില്ല.
ഒന്നും രണ്ടും ഡോസുകൾക്കുള്ള സൗജന്യ വാക്സിനേഷൻ പദ്ധതിയും ആരോഗ്യ പ്രവർത്തകർക്കും മുന്നണിപ്പോരാളികൾക്കും അറുപത് വയസ്സിന് മുകളിലുള്ളവർക്കുമുള്ള കരുതൽ ഡോസ് പദ്ധതിയും തുടരുമെന്ന് ഉത്തരവിൽ പറയുന്നു.
15 വയസ്സിനും അതിന് മുകളിലും പ്രായമുള്ളവരിൽ 96 ശതമാനം പേർക്കും കുറഞ്ഞത് ഒരു ഡോസ് വാക്സിൻ എങ്കിലും ലഭിച്ചിട്ടുണ്ട്. 83 ശതമാനം പേർക്കും രണ്ട് ഡോസ് വാക്സിനും ലഭിച്ചിട്ടുണ്ട്.
പല രാജ്യങ്ങളിലും കേസുകൾ വർധിക്കുകയും മൂന്നാം ഡോസ് ഇല്ലാതെ വിദേശത്തേക്ക് യാത്ര ചെയ്യാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് എല്ലാ മുതിർന്നവർക്കും ബൂസ്റ്റർ ഡോസ് നൽകാനുള്ള തീരുമാനം വന്നിരിക്കുന്നത്. ഇസ്രായേൽ പോലുള്ള രാജ്യങ്ങൾ ബൂസ്റ്റർ ഡോസ് എടുക്കാത്തവരെ രാജ്യത്ത് പ്രവേശിപ്പിക്കാൻ തയ്യാറല്ല.
രാജ്യത്ത് ഇതേവരെ 4.3 കോടി ആളുകളെയാണ് കോവിഡ് ബാധിച്ചത്. 5.21 ലക്ഷം മരണങ്ങളാണ് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തത്.