കരുതൽ ഡോസ് വാക്സിനേഷൻ പ്രക്രിയയ്ക്ക് ഇന്ന് തുടക്കം; രജിസ്ട്രേഷൻ ആവശ്യമില്ല
കരുതൽ ഡോസ് എന്ന പേരിലുള്ള അധിക ഡോസ് വാക്സിനേഷൻ പ്രക്രിയയ്ക്ക് ഇന്ന് തുടക്കം കുറിക്കും. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യ പ്രവർത്തകർക്കും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന മുന്നണി പോരാളികൾക്കും ഗുരുതര രോഗങ്ങൾ ഉള്ളവരും നേരത്തേ രണ്ട് ഡോസ് വാക്സിൻ എടുത്തവരുമായ 60 വയസ്സ് കഴിഞ്ഞവർക്കുമാണ് കരുതൽ ഡോസ് നൽകുന്നത്.
ഷെഡ്യൂളുകൾ ഇന്ന് രാവിലെ പ്രസിദ്ധീകരിക്കും. വൈകുന്നേരത്തോടെ ഓൺലൈൻ അപ്പോയിന്റ്മെന്റ് സൗകര്യവും ആരംഭിക്കും. ജനുവരി 10-നാണ് ഓൺസൈറ്റ് അപ്പോയിന്റ്‌മെന്റോടെയുള്ള വാക്‌സിനേഷൻ ആരംഭിക്കുന്നത്. രജിസ്ട്രേഷൻ ഇല്ലാതെ തന്നെ അർഹരായവരുടെ രജിസ്റ്റർ ചെയ്ത മൊബൈലുകളിലേക്ക് നേരിട്ട് സന്ദേശം ലഭിക്കുന്ന തരത്തിലാണ് ക്രമീകരണം.
ഒമിക്രോൺ മൂലം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുകയും മൂന്നാം തരംഗത്തിൽ ആശങ്കകൾ ഉയരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഹൈ റിസ്ക് വിഭാഗങ്ങൾക്ക് അധിക ഡോസ് നൽകാനുള്ള തീരുമാനത്തിലേക്ക് കേന്ദ്ര സർക്കാർ എത്തുന്നത്. ഡിസംബർ 25-ന് ക്രിസ്മസ് ദിനത്തിലാണ് കരുതൽ ഡോസ് എന്ന പേരിൽ ബൂസ്റ്റർ ഡോസ് നൽകുമെന്ന പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്നത്.
ആദ്യ രണ്ട് തവണ നൽകിയ അതേ വാക്സിൻ തന്നെയാണ് കരുതൽ ഡോസായി നൽകേണ്ടതെന്ന നിർദേശം കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നൽകിയിട്ടുണ്ട്. അതേസമയം, രാജ്യത്തെ വാക്സിനേഷൻ ഡ്രൈവ് മറ്റൊരു റെക്കോഡ് കൂടി മറികടന്നതായി മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച വരെ 1.5 ബില്യൺ (150 കോടി) ഡോസ് വാക്സിനാണ് രാജ്യത്ത് നൽകിയത്. നേട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയും ആഹ്ലാദം പ്രകടിപ്പിച്ചു.