ബോറിസ് ബെക്കര്‍ ജയില്‍ മോചിതനായി; ബ്രിട്ടനില്‍ നിന്ന് നാടുകടത്തുമെന്ന് റിപ്പോർട്ടുകൾ

ലണ്ടന്‍: ജർമ്മൻ ടെന്നീസ് ഇതിഹാസം ബോറിസ് ബെക്കർ ബ്രിട്ടനിൽ ജയിൽ മോചിതനായി. വായ്പ തിരിച്ചടയ്ക്കാതിരിക്കാൻ 2.5 ദശലക്ഷം പൗണ്ടിന്‍റെ ആസ്തികൾ മറച്ചുവച്ചതിന് ഈ വർഷം ഏപ്രിലിൽ ബ്രിട്ടീഷ് കോടതി ബെക്കറിന് രണ്ടര വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. താരത്തെ ഉടൻ നാടുകടത്തുമെന്നാണ് റിപ്പോർട്ടുകൾ. ബ്രിട്ടനിൽ, ജയിൽ ശിക്ഷ അനുഭവിക്കുന്ന വിദേശികളെ നാടുകടത്തുന്നത് പതിവാണ്. ഇതാണ് ബെക്കർ ജയിൽ മോചിതനാകാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ. സ്പെയിനിലെ മയ്യോര്‍ക്കയിലെ ബെക്കറുടെ ആഡംബര എസ്റ്റേറ്റ് വാങ്ങാൻ എടുത്ത വായ്പ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതുമായി ബന്ധപ്പെട്ടാണ് കേസ്. 2017 ൽ ബെക്കര്‍ വായ്പ തിരിച്ചടയ്ക്കാതിരിക്കാന്‍ പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. കേസ് ഫയൽ ചെയ്യുന്ന സമയത്ത് ബെക്കറിന് 50 മില്യൺ പൗണ്ടിന്‍റെ കടബാധ്യതയുണ്ടായിരുന്നു. എന്നാൽ ജര്‍മ്മനിയിലെ 825,000 യൂറോ വിലവരുന്ന വസ്തുവും ഒരു ടെക്നോളജി സ്ഥാപനത്തിലെ 66,000 പൗണ്ടിൻ്റെ നിക്ഷേപവും മറച്ചുവെച്ചിരുന്നു. മാത്രമല്ല പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്ത ശേഷം അദ്ദേഹത്തിൻ്റെ ബിസിനസ് അക്കൗണ്ടില്‍ നിന്ന് 390,000 പൗണ്ട് മുന്‍ ഭാര്യ ബാര്‍ബറയുടേതുൾപ്പെടെയുള്ള ഒമ്പത് വ്യത്യസ്ത അക്കൗണ്ടുകളിലേക്ക് മാറ്റിയതായും കോടതി കണ്ടെത്തി.

Related Posts