സ്ത്രീകളെ അനുമതിയില്ലാതെ തൊടാന്‍ പാടില്ലെന്ന് ആണ്‍കുട്ടികള്‍ പഠിച്ചിരിക്കണം: ഹൈക്കോടതി

കൊച്ചി: സ്ത്രീകളോട് ആദരവ് പ്രകടിപ്പിക്കുന്നത് പഴഞ്ചന്‍രീതിയല്ലെന്ന് ആൺകുട്ടികൾ തിരിച്ചറിയണമെന്ന് ഹൈക്കോടതി. അനുവാദമില്ലാതെ സ്ത്രീകളെ തൊടരുതെന്ന് ആൺകുട്ടികൾ പഠിച്ചിരിക്കണം. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കാമ്പസിൽ പെണ്‍കുട്ടികളോടു അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് പ്രിന്‍സിപ്പല്‍ നടപടിയെടുത്തത് ചോദ്യംചെയ്ത് കൊല്ലത്തെ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി നൽകിയ ഹർജിയിലാണ് ഉത്തരവ്. സ്കൂളുകളിലും കോളേജുകളിലും വിദ്യാർത്ഥികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ വർധിച്ചുവരികയാണെന്ന് കോടതി നിരീക്ഷിച്ചു. പ്രൈമറി ക്ലാസുകൾ മുതൽ വിദ്യാർത്ഥികളിൽ മൂല്യങ്ങൾ വളർത്താനുള്ള ശ്രമങ്ങൾ നടത്തണം. ആൺകുട്ടികളിൽ ചെറുപ്പം മുതലേ ലിംഗവിവേചന മനോഭാവമുണ്ട്. ദുർബലരായ പുരുഷൻമാരാണ് സ്ത്രീകളെ ഉപദ്രവിച്ച് ആധിപത്യം പുലർത്തുന്നതെന്ന് കുട്ടികളെ പഠിപ്പിക്കണമെന്നും കോടതി പറഞ്ഞു. മധ്യകാല പണ്ഡിതനും ചിന്തകനുമായ ഇബ്നുൽ ഖയ്യിം അൽ ജൗസിയയുടെ വാക്കുകൾ വിധിയില്‍ ഉദ്ധരിച്ചിട്ടുണ്ട്: "സ്ത്രീകൾ സമൂഹത്തിന്‍റെ ഒരു പകുതി തന്നെയാണ്. അവരാണ് മറ്റേ പകുതിക്ക് ജൻമം നൽകുന്നത്. അങ്ങനെ അവര്‍ ഈ സമൂഹം തന്നെയാകുന്നു".

Related Posts