മുൻ ഭാര്യ അഞ്ജലീന ജോളിക്കെതിരെ കേസ് കൊടുത്ത് ബ്രാഡ് പിറ്റ്
മുൻ ഭാര്യ അഞ്ജലീന ജോളിക്കെതിരെ കേസ് കൊടുത്ത് പ്രമുഖ ഹോളിവുഡ് താരം ബ്രാഡ് പിറ്റ്. ഒരുമിച്ച് വാങ്ങിയ ഫ്രഞ്ച് വൈനറിയുടെ ഓഹരികൾ ജോളി ഒരു റഷ്യൻ വ്യവസായിക്ക് വിറ്റതിന് എതിരെയാണ് നടൻ നിയമ നടപടിക്ക് ഒരുങ്ങുന്നത്.
ലോസ് ഏഞ്ചലസ് കോടതിയിലാണ് കേസ് ഫയൽ ചെയ്തിതിരിക്കുന്നത്. പരസ്പര സമ്മതമില്ലാതെ ചാറ്റോ മിറാവലിലെ തങ്ങളുടെ ഓഹരികൾ വിൽക്കില്ല എന്ന നേരത്തേയുള്ള കരാർ ജോളി ലംഘിച്ചുവെന്ന് ബ്രാഡ് പിറ്റ് പറഞ്ഞു.
യൂറി ഷെഫ്‌ലറുടെ നിയന്ത്രണത്തിലുള്ള സ്റ്റോളി ഗ്രൂപ്പിന് ഓഹരികൾ വിറ്റത് തൻ്റെ സമ്മതം തേടാതെയാണെന്ന് ഹർജിയിൽ ബ്രാഡ് പിറ്റ് ആരോപിക്കുന്നു.
2008-ലാണ് ഓസ്‌കർ ജേതാക്കളായ ദമ്പതികൾ തെക്കുകിഴക്കൻ ഫ്രാൻസിലെ കോറൻസ് ഗ്രാമത്തിൽ മാർസെയിലിനും നൈസിനും ഇടയിലുള്ള ചാറ്റോ മിറാവൽ വൈനറിയിൽ ഓഹരികൾ വാങ്ങുന്നത്. 2014-ൽ അവിടെവെച്ചാണ് ഇരുവരും വിവാഹിതരായത്.