ബ്രഹ്മപുരം തീപിടിത്തം കേരളത്തിനുള്ള മുന്നറിയിപ്പ്: ഹൈക്കോടതി

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തം കേരളത്തിനുള്ള മുന്നറിയിപ്പാണെന്ന് ഹൈക്കോടതി. സംസ്ഥാനത്ത് ഖരമാലിന്യ സംസ്കരണ നിയമങ്ങൾ നടപ്പാക്കുന്നതിനുള്ള സമയക്രമവും ഹൈക്കോടതി പ്രഖ്യാപിച്ചു. ചട്ടങ്ങൾ നടപ്പാക്കുന്നതിനും പുരോഗതി വിലയിരുത്തുന്നതിനും കോടതി മേൽനോട്ടം വഹിക്കും. മറ്റൊരു ബ്രഹ്മപുരം ആവർത്തിക്കാതിരിക്കാൻ സംസ്ഥാനത്ത് ഖരമാലിന്യ സംസ്കരണ നിയമങ്ങൾ നടപ്പാക്കുന്നതിന് തദ്ദേശ സെക്രട്ടറി സമർപ്പിച്ച സമയക്രമം കോടതി അംഗീകരിച്ചു. ഉടൻ, ഹ്രസ്വകാലം, ദീർഘകാലം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് ഇത് നടപ്പാക്കുക. ഖരമാലിന്യ സംസ്കരണത്തിന് ജില്ലകളിലുള്ള സൗകര്യങ്ങളും പ്രവർത്തനക്ഷമതയും സംബന്ധിച്ച് കളക്ടർമാർ റിപ്പോർട്ട് നൽകണം. റിപ്പോർട്ട് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി മുഖേന കോടതി പരിശോധിക്കും. ഭാവിയിൽ ജില്ലാതല ദുരന്ത നിവാരണ സമിതിയുടെ അംഗീകാരത്തോടെ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പ്രാദേശിക ഖരമാലിന്യ സംസ്കരണ സംവിധാനം രൂപകൽപ്പന ചെയ്ത് സ്ഥാപിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.



Related Posts