അയൽവാസികളെ തീപിടിത്തത്തിൽ നിന്ന് രക്ഷിച്ചു; ആറ് വയസുകാരി വീരാംഗനക്ക് ധീരതക്കുള്ള അവാർഡ്
ഗുജറാത്ത്: അറുപതോളം ആളുകളെ അഗ്നിബാധയിൽ നിന്നും രക്ഷിച്ച വീരാംഗന എന്ന ഗുജറാത്തി ബാലികയെ വരുന്ന റിപ്പബ്ലിക് ദിനത്തിൽ ധീരതക്കുള്ള അവാർഡ് നൽകി ആദരിക്കാനൊരുങ്ങി രാജ്യം. മുതിർന്നവർ പോലും പകച്ച് പോകുന്ന സാഹചര്യത്തിലാണ് ആറ് വയസ്സുകാരി ബാലിക വീരോചിതമായി ഇടപെട്ടത്. റാപാത് ക്ലബിന് സമീപമുള്ള പാർക്ക് വ്യൂ അപ്പാർട്ട്മെന്റിലെ വീട്ടിൽ എ.സി ഓൺ ആക്കുന്നതിനിടയിൽ വൈദ്യുത കേബിളിൽ നിന്ന് തീപ്പൊരി പടർന്ന് ആളിക്കത്തുകയായിരുന്നു. ഇത് ശ്രദ്ധയിൽപെട്ട വീരാംഗന ഉടനെ തന്നെ അച്ഛൻ ആദിത്യ സിംഗിനെയും, അമ്മ കാമാക്ഷിയെയും വിവരമറിയിച്ചു. 'ധീരയായ സ്ത്രീ' എന്ന് സൂചിപ്പിക്കുന്ന പേര് അന്വർത്ഥമാക്കും വിധം ഉടനെ തന്നെ അവൾ അയൽ വീടുകളിലേക്ക് ഓടുകയും, അപകട മുന്നറിയിപ്പ് നൽകി കെട്ടിടം ഒഴിയാൻ ആവശ്യപ്പെടുകയും ചെയ്തു. കൃത്യസമയത്ത് ആളുകൾ അപാർട്ട്മെന്റ് വിട്ടിറങ്ങിയതിനാൽ വലിയൊരു അപകടമാണ് ഒഴിവായത്.