ജഡ്ജിമാരുടെ പേരിൽ കൈക്കൂലി; ആരോപണം നിഷേധിച്ച് അഡ്വ സൈബി ജോസ്

കൊച്ചി: ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണം നിഷേധിച്ച് അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂർ. തനിക്കെതിരെ ഗൂഡാലോചന നടന്നെന്നും ആരോപണത്തിനു പിന്നിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണെന്നും ബാർ കൗൺസൽ ഓഫ് കേരളയ്ക്ക് നൽകിയ വിശദീകരണത്തിൽ സൈബി പറയുന്നു. സെബിയുടെ വിശദീകരണം പരിശോധിക്കാൻ ബാർ കൗൺസിൽ ഉടൻ യോഗം ചേരും. കേസിൽ സൈബിക്കെതിരെ ബാർ കൗൺസിൽ സ്വമേധയാ കേസെടുത്തിരുന്നു. കേന്ദ്ര നിയമ മന്ത്രാലയത്തിൽ നിന്ന് ലഭിച്ച കത്തിന്‍റെ അടിസ്ഥാനത്തിലാണിത്. സംഭവത്തിൽ സൈബിയോട് വിശദീകരണം തേടാനും ബാർ കൗൺസിൽ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആരോപണങ്ങൾ നിഷേധിച്ച് സൈബി ബാർ കൗൺസിലിന് കത്തയച്ചത്. തനിക്കെതിരെ ഗൂഡാലോചന നടന്നുവെന്നാണ് സൈബി നൽകുന്ന പ്രധാന വിശദീകരണം. ജഡ്ജിമാരുടെ പേരിൽ താൻ കൈക്കൂലി വാങ്ങിയിട്ടില്ല. ലോയേഴ്സ് അസോസിയേഷന്‍റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ആരോപണങ്ങൾക്ക് പിന്നിൽ. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. താൻ നിരപരാധിയാണെന്നും സൈബി വിശദീകരിച്ചു. വിശദീകരണം പരിശോധിക്കാൻ ഇന്ന് തന്നെ ബാർ കൗൺസിൽ ഓഫ് കേരള യോഗം ചേരുമെന്നാണ് വിവരം.

Related Posts